റീഗന്റെ താരിഫ് പരസ്യത്തിന് ട്രംപിനോട് ക്ഷമ ചോദിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടാവാ: റീഗൻ പരസ്യ വിവാദത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനോട് ക്ഷമ ചോദിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. പരസ്യ വിവാദം ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളൽ വരുത്തുകയും ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുകയും കാനഡ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പരസ്യവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് മാർക്ക് കാർണി പറഞ്ഞിരുന്നതായി ടൊറോന്റോ സൺ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കാനഡയും അമേരിക്കയും ഇനിയും മികച്ച വ്യാപാര കരാർ ലക്ഷ്യമാക്കി ചർച്ചകൾക്ക് തയ്യാറാണ്. യുഎസുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് മുമ്പ് ഞങ്ങൾ പുരോഗതി കൈവരിക്കുകയായിരുന്നുവെന്നും കാർണി പറഞ്ഞു.

അതേസമയം, കാർണിയുടെ ക്ഷമാപണം ട്രംപ് സ്ഥിരീകരിച്ചു. എനിക്ക് കാർണിയെ ഇഷ്ടമാണ്. പക്ഷേ അവർ ചെയ്തതു തെറ്റായിരുന്നു. അദ്ദേഹം വളരെ സൗമ്യനായിരുന്നു. അവർ ചെയ്ത പരസ്യത്തിനായി അദ്ദേഹം ക്ഷമാപണം ചെയ്തുവെന്നും എയർ ഫോഴ്സ് വൺ വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.ആ പരസ്യം പൂർണ്ണമായും വ്യാജമായിരുന്നു. അവർ റോണാൾഡ് റീഗന്റെ സന്ദേശം മറിച്ച് അവതരിപ്പിച്ചു. അതേസമയം, താൻ കാർണിയുമായി വളരെ നല്ല ബന്ധം തുടരുന്നതായും ട്രംപ് വ്യക്തമാക്കി.

വിവാദമായ പരസ്യം അവതരിപ്പിച്ചത് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡാണ് . പരസ്യം പ്രദർശിപ്പിക്കുന്നതിന് മുൻപ് കാർണി അതിന്റെ പ്രിവ്യൂ കണ്ടിരുന്നുവെന്നും ഫോർഡ് വ്യക്തമാക്കി. ഈ പരസ്യം വേൾഡ് സീരീസ് സമയത്ത് പ്രദർശിപ്പിച്ചത് നീതിപൂർണ്ണ വ്യാപാരം പ്രോത്സാഹിപ്പിക്കാനാണ്, അമേരിക്കയെ പ്രകോപിപ്പിക്കാനല്ല എന്ന് വിവാദത്തിൽ ഫോർഡ് വിശദീകരിച്ചു.

ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യത്തിൽ 1987-ൽ മുൻ യുഎസ് പ്രസിഡന്റായിരുന്ന റോണാൾഡ് റീഗന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഉപയോഗിച്ചിരുന്നു. അദ്ദേഹം അന്ന് തീരുവകൾ “ഓരോ അമേരിക്കൻ പൗരനെയും ദോഷകരമായി ബാധിക്കും” എന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രസംഗം ഭാഗികമായി എഡിറ്റ് ചെയ്തതായും, റെഗന്റെ യഥാർത്ഥ സന്ദേശം തെറ്റായി അവതരിപ്പിച്ചതായും പിന്നീട് റോണാൾഡ് റീഗൻ ഫൗണ്ടേഷൻ വ്യക്തമാക്കി.

പരസ്യത്തിൽ പ്രകോപിതനായ ട്രംപ് , കാനഡ വ്യാജമായി റോണാൾഡ് റെഗന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിനാൽ എല്ലാ വ്യാപാര ചർച്ചകളും ഉടൻ നിർത്തിവെക്കുന്നുവെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കൂടാതെ, കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Canadian Prime Minister Mark Carney apologizes to Trump for Reagan tariff ad

More Stories from this section

family-dental
witywide