
ന്യൂയോർക്ക്: കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണി നാളെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുമ്പോൾ ലോകം ഉറ്റുനോക്കുകയാണ്. ട്രംപ് പ്രസിഡന്‍റായി വീണ്ടുമെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച വ്യാപാര തർക്കത്തിന്‍റെയടക്കം പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.
ട്രംപിന്‍റെ തീരുവ പ്രഖ്യാപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി വരുന്ന കാർണി, കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്. കടുത്ത ട്രംപ് വിരുദ്ധൻ എന്ന ഖ്യാതിയാണ് കാർണിക്ക് തെരഞ്ഞെടുപ്പിൽ വലിയ ഗുണമായത്. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേയുള്ള കാർണിയുടെ പ്രതികരണവും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന സൂചന തന്നെയാണ് നൽകുന്നിത്. വ്യാപാര തർക്കത്തിൽ ഉടൻ ‘വെള്ള പുക’ പ്രതീക്ഷിക്കേണ്ടെന്നാണ് നാളെ വൈറ്റ് ഹൗസിലാണ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേ മാധ്യമങ്ങളെ കണ്ട കാർണി പറഞ്ഞത്.