രാജ്യത്ത് കാന്‍സര്‍ ബാധിതരാകുന്നതില്‍ അധികവും സ്ത്രീകള്‍, ആശ്വാസമായി മരണനിരക്കിലെ കുറവ് ; പുരുഷന്മാരില്‍ വില്ലനാകുന്നത് വായിലെ കാന്‍സര്‍, അറിയണം ഇക്കാര്യങ്ങള്‍…

രാജ്യത്ത് കാന്‍സര്‍ കേസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കാന്‍സര്‍ കൂടുതല്‍ ബാധിക്കുന്നത്, 51.1 ശതമാനമാണ് ഈ നിരക്ക്. എന്നാല്‍ കാന്‍സര്‍ മരണങ്ങളില്‍ (45%) കുറവുണ്ടാകുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. 2015 നും 2019 നും ഇടയില്‍ രാജ്യത്തുടനീളമുള്ള 43 കാന്‍സര്‍ രജിസ്ട്രികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമുഖ ഗവേഷകര്‍ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യമുള്ളത്. ഈ കാലയളവില്‍ 7.08 ലക്ഷം കാന്‍സര്‍ കേസുകളും 2.06 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. അതേസമയം 2024 ല്‍ രാജ്യത്തുടനീളം ആകെ 15.6 ലക്ഷം കാന്‍സര്‍ കേസുകളും 8.74 ലക്ഷം മരണങ്ങളും സംഭവിച്ചതായി ഗവേഷകര്‍ കണ്ടെത്തി.

പുരുഷന്മാര്‍ക്കിടയില്‍ ഏറ്റവും സാധാരണമായ ശ്വാസകോശ കാന്‍സറിനെക്കാള്‍ ഉയർന്ന നിരക്കിലേക്ക് വായിലെ കാന്‍സര്‍ മാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കാന്‍സര്‍ ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചില പ്രധാന കണ്ടെത്തലുകളിതാ…

എയിംസ്-ഡല്‍ഹി, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്-ചെന്നൈ, പിഡി ഹിന്ദുജ-മുംബൈ, ടാറ്റ മെമ്മോറിയല്‍ സെന്റര്‍-നവി മുംബൈ, അസം മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ തുടങ്ങിയ വിവിധ ആശുപത്രികളിലെ ഡാറ്റയില്‍ നിന്നാണ് പ്രമുഖ ഗവേഷകരുടെ ഒരു സംഘം വിവരങ്ങള്‍ ശേഖരിച്ച് പഠനം നടത്തിയത്. കോവിഡിന്റെ സ്വാധീനം കാരണം 2020 ലെ ഡാറ്റ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രാജ്യത്തെ കാന്‍സര്‍ രജിസ്ട്രിയെ ഏകോപിപ്പിക്കുന്ന ഐസിഎംആര്‍-നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ. പ്രശാന്ത് മാത്തൂര്‍ പറയുന്നതനുസരിച്ച് സ്ത്രീകളിലാണ് കൂടുതല്‍ കാന്‍സര്‍ ബാധിതയെന്ന് പറയാന്‍ കാരണം അവരില്‍ നടത്തുന്ന കൂടുതല്‍ പരിശോധനകളാലാണ്. താരതമ്യേന പുരുഷന്മാരില്‍ കാന്‍സര്‍ നിര്‍ണയ പരിശോധനകള്‍ വൈകുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നു. കൂടുതല്‍ സ്ത്രീകള്‍ കാന്‍സര്‍ പരിശോധനകള്‍ക്ക് വിധേയരാകുകയും രോഗം കണ്ടെത്തുകയും ചെയ്യുന്നു എന്ന് സാരം.

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്തന, സെര്‍വിക്കല്‍ കാന്‍സറുകള്‍ 40% വരും. സാധാരണയായി ഇവയ്ക്ക് മികച്ച രോഗനിര്‍ണയം, ഉയര്‍ന്ന അതിജീവനം, നേരത്തെയുള്ള കണ്ടെത്താനും ചികിത്സയ്ക്കും പിന്തുണ നല്‍കുന്ന കൃത്യമായ സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ എന്നിവയുണ്ട്. ഇതിന് വിപരീതമായി, പുരുഷന്മാരില്‍ കാന്‍സറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മരണനിരക്കാണുള്ളത്. കാരണം അവരുടെ പ്രധാന കാന്‍സറുകളായ വായിലെ കാന്‍സറുകള്‍, ശ്വാസകോശം, കരള്‍, ആമാശയം, അന്നനാളം ഇവയെ ബാധിക്കുന്ന കാന്‍സറുകള്‍ എന്നിവ പലപ്പോഴും വൈകിയാണ് കണ്ടെത്തുന്നത്. വായിലെ കാന്‍സറുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അല്പം മികച്ച അതിജീവന നിരക്ക് ഉണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ പറയുന്നു.

പുകയില ഉപയോഗം കുറഞ്ഞിട്ടും വായിലെ കാന്‍സറുകള്‍ ഉയരുന്നതെങ്ങനെ?

രാജ്യത്ത് പുരുഷന്മാരില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന രണ്ടുതരം കാന്‍സറുകളാണ് വായിലേതും ശ്വാസകോശത്തിലേതും. ഇവയിലധികവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുകയിലയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വേ (2009-10, 2016 -17) പ്രകാരം ഇന്ത്യയില്‍ പുകയില ഉപയോഗിക്കുന്ന മുതിര്‍ന്നവരുടെ അനുപാതം 34.6% ല്‍ നിന്ന് 28.6% ആയി കുറഞ്ഞു. പിന്നെ എങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട കാന്‍സറുകള്‍ ഉയരുന്നത് ? അതായത്, പുകയില പോലുള്ള അര്‍ബുദകാരികളായ വസ്തുക്കളുടെ ഉപയോഗം ഉണ്ടായാല്‍ കാന്‍സര്‍ വികസിക്കാന്‍ പലപ്പോഴും കുറഞ്ഞത് 20 വര്‍ഷമോ അതില്‍ കൂടുതലോ എടുക്കും. പുകയില ഉപയോഗത്തില്‍ അടുത്തിടെ കുറവുണ്ടായിട്ടും കാന്‍സര്‍ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം ഇതാണ്.

അതേസമയം, വായിലെ കാന്‍സറിനുള്ള മറ്റൊരു പ്രധാന ഘടകമാണ് ഉയര്‍ന്ന മദ്യപാനം. ”ഡല്‍ഹി എയിംസിലെ ഓങ്കോളജിസ്റ്റ് ഡോ. അഭിഷേക് ശങ്കറിന്റെ അഭിപ്രായത്തില്‍, കരളിലെ കാന്‍സറിനും വായിലെ കാന്‍സറിനും ഉള്‍പ്പെടെ ഏഴ് തരം കാന്‍സറുകള്‍ക്ക് മദ്യം അപകടകാരിയാണ്.

സ്ത്രീകള്‍ക്കിടയില്‍ കാന്‍സര്‍ മരണങ്ങളുടെ അനുപാതം കുറവാണെങ്കിലും, അവബോധം, പരിശോധന, വാക്‌സിനേഷന്‍ പോലുള്ള നടപടികള്‍ വര്‍ധിപ്പിക്കണമെന്ന് ഗവേഷകര്‍ അടിവരയിട്ടു പറയുന്നു. ഉദാഹരണത്തിന്, സ്ത്രീകളിലെ കാന്‍സറുകളില്‍ 30% വരുന്ന സ്തനാര്‍ബുദം, പരിശോധന വഴി നേരത്തെ കണ്ടെത്താനാകും അതുവഴി അതിജീവന സാധ്യത വര്‍ദ്ധിപ്പാക്കാനാകും.

ഏറ്റവും ഉയര്‍ന്ന കാന്‍സര്‍ സാധ്യത ഐസ്വാളിലാണെന്ന് പഠനം വ്യക്തമാക്കുന്നു. ‘പുരുഷന്മാരില്‍ 100,000 ല്‍ 198.4, സ്ത്രീകളില്‍ 100,000 ല്‍ 172.5, എന്നിങ്ങനെയാണ് ഇവിടുത്തെ കണക്ക്. എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ത്രീകളിലും പുരുഷന്മാരിലും പുകയില ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഈ സംസ്ഥാനങ്ങളില്‍ പുകവലിയും മദ്യപാനവും കൂടുതലാണ്, ഇത് നിരവധി കാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുകയിലയ്ക്ക് പുറമേ, വെറ്റില ചവയ്ക്കല്‍, പുകകൊണ്ടുണ്ടാക്കിയ ഉണക്കിയ ഉപ്പിട്ട മാംസത്തിന്റെ ഉപയോഗം, വളരെ എരിവുള്ള ഭക്ഷണം, ചൂടുള്ള പാനീയങ്ങള്‍, സോഡയുടെ അമിത ഉപയോഗം തുടങ്ങിയ ഭക്ഷണ ശീലങ്ങളും കാന്‍സര്‍ സാധ്യതയ്ക്ക് കാരണമാകുന്നു,’- പഠനം പറയുന്നു.

ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം ഹൈദരാബാദിലാണ്. ഒരു ലക്ഷം ആളുകളില്‍ 54 പേര്‍ എന്നതാണ് ഇവിടുത്തെ നിരക്ക്. വിശാഖപട്ടണം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി കേരളത്തിലെ കൊല്ലം, തിരുവനന്തപുരം, മലബാര്‍ മേഖല, എന്നിവയുള്‍പ്പെടെ ഇടങ്ങളില്‍ ശ്വാസകോശ കാൻസർ പിടിമുറുക്കിയിട്ടുണ്ട്. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ വായിലെ അര്‍ബുദം സ്ഥിരീകരിച്ചത് അഹമ്മദാബാദിലാണ് (33.6). പ്രോസ്റ്റേറ്റ് കാന്‍സർ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ശ്രീനഗറിലാണ്.

More Stories from this section

family-dental
witywide