
കാൻസ്: ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവങ്ങളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇക്കുറി വസ്ത്രധാരണത്തിൽ കടുത്ത നിബന്ധനകൾ. കാനിലെ റെഡ് കാർപ്പറ്റിൽ നഗ്നത പ്രദർശനവും ഓവർ സൈസ്ഡ് വസ്ത്രങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ മാർഗനിർദേശങ്ങൾ അവസാന നിമിഷമാണ് ഫെസ്റ്റിവൽ അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വർഷം ഗ്രാമി പുരസ്കാരവേദിയിൽ ഗായിക സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതും 2022 ൽ നടന്ന മേളയിൽ മാറുമറയ്ക്കാതെ പ്രതിഷേധം പ്രകടിപ്പിച്ചതുമടക്കമുള്ള കാരണങ്ങൾ കൊണ്ടാണ് പുതിയ തീരുമാനമെന്നാണ് വ്യക്തമാകുന്നത്.
വസ്ത്രധാരണം സംബന്ധിച്ച നിർദേശങ്ങൾ നേരത്തെതന്നെ നിലവിലുണ്ടായിരുവെങ്കിലും ഇപ്പോൾ കർശനമായി നടപ്പാക്കുകയാണെന്നും ഫെസ്റ്റിവൽ വിശദീകരിച്ചു. ഫാഷനെ നിയന്ത്രിക്കുക എന്നതല്ല ലക്ഷ്യമെന്നും സംഘടകർ വിശദീകരിക്കുന്നു. റെഡ് കാർപ്പറ്റിൽ പൂർണ്ണമായ നഗ്നതാ പ്രദർശനമടക്കം ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയാൻ വേണ്ടിയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
സുരക്ഷാ പ്രശ്‌നങ്ങളും ഫെസ്റ്റിവൽ അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാൻസിലെ റെഡ് കാർപെറ്റ് ഡ്രസ് കോഡ് നിയന്ത്രണങ്ങൾ വളരെക്കാലമായി വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ വർഷം ആദ്യം നടന്ന ഗ്രാമി ചടങ്ങിൽ ഗായിക ബിയാങ്ക സെൻസോറി സുതാര്യവസ്ത്രം ധരിച്ചെത്തിയത് ഏറെ വിവാദമായിരുന്നു. മെയ് 13 മുതൽ 24 വരെയാണ് കാൻ ചലച്ചിത്രമേള നടക്കുന്നത്. സംവിധായിക പായൽ കപാഡിയ ഇത്തവണ ജൂറി അംഗമായി കാനിൽ എത്തും.