യുഎസിലെ കൊളറാഡോയിൽ മുൻ കാർഡിയോളജിസ്റ്റ് ഡേറ്റിങ്ങിനിടെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ആറ് സ്ത്രീകൾ ടിൻഡർ, ഹിഞ്ച് ഡേറ്റിങ് ആപ്പുകളുടെ മാതൃകമ്പനിയായ മാച്ച് ഗ്രൂപ്പിനെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. അറിയപ്പെടുന്ന കുറ്റവാളിയെ വർഷങ്ങളോളം പ്ലാറ്റ്‌ഫോമിൽ തുടരാൻ അനുവദിച്ചുകൊണ്ട് ബലാത്സംഗികൾക്ക് വഴിയൊരുക്കിയെന്നാണ് കേസിൽ ആരോപിക്കുന്നത്. ഡെൻവർ ജില്ലാ കോടതിയിൽ ഫയൽ ചെയ്ത കേസിൽ, പ്രതിക്കെതിരെ ലഭിച്ച പല പരാതികളും കമ്പനി അവഗണിച്ചുവെന്നും ശരിയായി കൈകാര്യം ചെയ്തില്ലെന്നും ആരോപിക്കുന്നുണ്ട്. അതിനാൽ തുടർന്നും ഇയാൾക്ക് ഡേറ്റിങ് ആപ്പുകൾ വഴി സ്ത്രീകളെ തുടർന്നും കണ്ടുമുട്ടാനും പീഡിപ്പിക്കാനും കഴിഞ്ഞുവെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട സ്ത്രീകളെ മയക്കിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികൾ പലതവണ ലഭിച്ചിട്ടും ഡെൻവറിലെ കാർഡിയോളജിസ്റ്റായ സ്റ്റീഫൻ മാത്യൂസിനെതിരെ മാച്ച് ഗ്രൂപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നാണ് കേസിൽ പറയുന്നത്. സ്ഥിരമായി വിലക്കിയതായി അറിയിച്ചിട്ടും മാത്യൂസിന്റെ പ്രൊഫൈൽ വീണ്ടും സജീവമായെന്നും തിരിച്ചെത്തിയെന്നും പരാതിക്കാർ പറയുന്നു. ഇതുവഴി ഇയാൾക്ക് വീണ്ടും ഉപയോക്താക്കളുമായി കണ്ടുമുട്ടാൻ സാധിച്ചു.
ലൈംഗിക കുറ്റവാളികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയുകൊണ്ട് ഡേറ്റിങ് ആപ്പുകൾ “ലൈംഗിക പീഡകരുടെ വളർത്തു കേന്ദ്രമായി” മാറിയെന്നും കേസിൽ ആരോപിക്കുന്നു. ഉപയോക്താക്കൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാതെയാണ് ഇത് സംഭവിച്ചതെന്നും പറയുന്നു. ഹിഞ്ചിന്റെ റിപ്പോർട്ടിങ് സംവിധാനം തകരാറുള്ളതാണെന്നും സ്ത്രീകൾ ആരോപിക്കുന്നു. പരാതി നൽകുന്നതിന് മുമ്പ് പ്രതിക്ക് ഇരയുമായി അൺമാച്ച് ചെയ്യാൻ കഴിയുന്നതിനാൽ പിന്നീട് റിപ്പോർട്ട് നൽകാനുള്ള ഓപ്ഷൻ തന്നെ ഇല്ലെന്നാണ് ആരോപണം.
വിലക്കപ്പെട്ട ഉപയോക്താക്കൾ പേര്, ജനനത്തീയതി, പ്രൊഫൈൽ ഫോട്ടോ എന്നിവ മാറ്റാതെയും മാച്ച് ഗ്രൂപ്പ് ആപ്പുകളിലേക്ക് എളുപ്പത്തിൽ തിരിച്ചെത്താൻ കഴിയുന്നുവെന്നും കേസിൽ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക അതിക്രമ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഗൗരവമായ മാറ്റങ്ങൾ ഉണ്ടാക്കുകയാണ് ഈ കേസിന്റെ ലക്ഷ്യമെന്ന് സ്ത്രീകൾ പറയുന്നു.
2020ൽ തന്നെ മാത്യൂസിനെതിരെ ഹിഞ്ചിൽ പരാതി നൽകിയിരുന്നുവെങ്കിലും 2023 വരെ ഇയാൾ ഡേറ്റിങ് ആപ്പുകളിൽ സജീവമായിരുന്നുവെന്നാണ് കേസ്. 2019 മുതൽ 2023 വരെ കുറഞ്ഞത് 11 സ്ത്രീകളെ മയക്കിമരുന്ന് നൽകി പീഡിപ്പിച്ച കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ 2024 ഒക്ടോബറിൽ 158 വർഷം മുതൽ ജീവപര്യന്തം വരെ തടവിന് ശിക്ഷിച്ചു.
ഒരു പരാതിക്കാരി സി.ബി.എസ് ന്യൂസിനോട് പറഞ്ഞത്, 2023ൽ ഹിഞ്ച് വഴിയാണ് താൻ മാത്യൂസിനെ പരിചയപ്പെട്ടതെന്നും, അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഉടൻ തന്നെ മയക്കിമരുന്ന് നൽകിയതായി സംശയിക്കുന്നുവെന്നും ആണ്. വർഷങ്ങൾക്കുമുമ്പേ തന്നെ ഇയാളെക്കുറിച്ച് പരാതികൾ ഉണ്ടായിരുന്നുവെന്ന് പിന്നീട് അറിഞ്ഞതായും അവൾ പറഞ്ഞു. അവന് പ്ലാറ്റ്‌ഫോം നൽകിയതിൽ ഹിഞ്ചിന് ഉത്തരവാദിത്തമുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
ഡേറ്റിങ് ആപ്പ് റിപ്പോർട്ടിങ് പ്രോജക്റ്റ് നടത്തിയ 18 മാസത്തെ അന്വേഷണത്തെ ആശ്രയിച്ചാണ് കേസിലെ പല ആരോപണങ്ങളും. പ്ലാറ്റ്‌ഫോമുകളിലെ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് മാച്ച് ഗ്രൂപ്പിന് അറിയാമായിരുന്നുവെങ്കിലും, വാഗ്ദാനം ചെയ്ത സുതാര്യത റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയോ കുറ്റവാളികളെ തടയാനുള്ള നടപടികൾ പൂർണമായി നടപ്പാക്കുകയോ ചെയ്തില്ലെന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ.
അതേസമയം, കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികൾ ഗൗരവത്തോടെ കാണുന്നുവെന്നും എ.ഐ. അധിഷ്ഠിത നിയന്ത്രണം, തിരിച്ചറിയൽ പരിശോധന, നിയമസംവിധാനങ്ങളുമായി സഹകരണം തുടങ്ങിയ സുരക്ഷാ നടപടികളിൽ എടുക്കുന്നുവെന്നും മാച്ച് ഗ്രൂപ്പ് വ്യക്തമാക്കി. കർശന സുരക്ഷാ സംവിധാനങ്ങൾ ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കാമെങ്കിലും, ദീർഘകാല വിശ്വാസത്തിനായി അവ അനിവാര്യമാണെന്നും കമ്പനി അധികൃതർ പറഞ്ഞു.
Cardiologist drugged women during dates; Case filed against Match Group, parent company of Tinder and Hinge dating apps















