കന്യാസ്ത്രീകള്‍ക്കെതിരായ കേസ്: ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം, ബജറംഗ് ദളിനെതിരായ പെണ്‍കുട്ടികളുടെ പരാതി സ്വീകരിക്കാതെ എസ്പി

കൊച്ചി : മലയാളി കന്യാസ്ത്രീകള്‍ക്കെതിരായി ഛത്തീസ്ഗഢിലുള്ള മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം. വിഷയത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാന്‍ കത്തോലിക്കാ സഭ. നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നാണ് സഭയുടെ നിലപാട്.

കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയിൽ വിധി പറഞ്ഞത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയായിരുന്നു. കന്യാസ്ത്രീകളെ കനത്ത സുരക്ഷയോടെ ഡല്‍ഹിയിലെ രാജാറാം മഠത്തില്‍ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സാ കാര്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ വെച്ചായിരിക്കും നടക്കുക.

അതേസമയം, ബജറംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്നലെ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചിരുന്നില്ല. സംഭവം നടന്നത് ദുര്‍ഗിലായതിനാല്‍ അവിടെ പരാതിപ്പെടാനായിരുന്നു എസ്.പിയുടെ നിര്‍ദേശം. പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും.

മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്. വാദം പൂർത്തിയായതോടെയാണ് കേസിന് ഇന്ന് വിധി പറഞ്ഞത്.

ഓഫിസിലും ആശുപത്രിയിലുമുൾപ്പെടെയുള്ള ജോലിക്കായി കൂടെകൂട്ടിയ മൂന്ന് പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും പൊലീസിനു കൈമാറിയതും. പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം അറിയിച്ചെങ്കിലും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തി കേസെടുക്കുകയായിരുന്നു. കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റ്.  ഇവരുടെ അറസ്റ്റില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് എന്‍.ഐ.എ കോടതിയില്‍ ഇവരുടെ ജാമ്യത്തെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് ഉറപ്പ് നല്‍കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide