
കോഴിക്കോട് : ഇന്നലെ രാത്രി പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എം പി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ് ഐ ആറിലുള്ളത്.
കൂടാതെ, എൽ ഡി എഫ് പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്. സംഘം ചേർന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവയ്ക്കാണ് കേസ്.
അതേസമയം, പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ് പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. പൊലീസ് നടപടിയിൽ ഷാഫിക്ക് മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവരുന്നത്.