ഇസ്രയേൽ ഗസ്സയിലെ കത്തോലിക്കപള്ളിയിൽ നടത്തിയ ആക്രമണം ലോകമെമ്പാടും ചര്‍ച്ചയാകുന്നതിനിടെ ലിയോ മാര്‍പ്പാപ്പയെ നേരിട്ട് വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിളിച്ച് നെതന്യാഹുവിനെ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹു മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ടിരിക്കുന്നത്.
സംഭാഷണത്തിൽ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും എല്ലാ മതവിശ്വാസികളുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞതായും വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ അവസ്ഥയും മനുഷ്യരുടെ യാതനകളും ഇരുവരും ചര്‍ച്ച ചെയ്തു. യുദ്ധങ്ങളുടെ വിലയൊടുക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളും രോഗികളും അശരണരായ വയോധികരുമാണെന്ന് മാര്‍പ്പാപ്പ നെതന്യാഹുവിനോട് പറഞ്ഞതായും വത്തിക്കാന്‍ വ്യക്തമാക്കി.
ഇസ്രയേൽ ഗസ്സയിലെ ഹോളി ഫാമിലി പള്ളിയ്ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പള്ളിയിലെ ഫാദറിനും പരിക്കേറ്റിരുന്നു. ഇസ്രയേലിന്റെ പ്രവൃത്തിയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുഴുവന്‍ അതൃപ്തി രേഖപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെതന്യാഹു പോപ്പിനോട് സംസാരിച്ചത്. ആക്രമണത്തിൽ ഇസ്രയേല്‍ ഭരണകൂടം ഖേദിക്കുന്നുവെന്ന് അറിയിച്ചിരുന്നു.















