ന്യൂഡൽഹി: രാജ്യത്ത് ക്രിസ്‌മസ് ആഘോഷങ്ങൾക്കുനേരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമെന്നും ക്രിസ്‌മസ് ആഘോഷങ്ങൾക്കുനേരെ സംഘപരിവാർ സംഘടനകൾ നടക്കുന്ന ആക്രമണങ്ങളിൽ അപലപിക്കുന്നുവെന്നും കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ).
സമാധാനപരമായി കരോൾ പാടുന്നവർക്കും പള്ളികളിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയവർക്കും എതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ആരാധിക്കാനും ജീവിക്കാനുമുള്ള അവകാശത്തെയും ഗുരുതരമായി ഹനിക്കുന്നതാണെന്നും സിബിസിഐ പ്രസ്‌താവനയിൽ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ അടിയന്തരവും ശക്തവുമായ നടപടികൾ കൈക്കൊള്ളണമെന്നും രാജ്യത്തുടനീളം ക്രിസ്‌മസ് സമാധാനപരമായും സുരക്ഷിതമായും ആഘോഷിക്കാൻ ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും സിബിസിഐ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രിസ്‌മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്‌ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡൻ്റ് അഞ്ജു ഭാർഗവ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. അത്യന്തം മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ചെയ്‌ത അഞ്ജു ഭാർഗവയെ ഉടൻ ബിജെപി പുറത്താക്കണമെന്നും സിബിസിഐ വ്യക്തമാക്കി.
ഡിസംബർ 24ന് ഛത്തീസ്‌ഗഡിൽ ക്രൈസ്തവർക്കെതിരെ ബന്ദിന് ആഹ്വാനം ചെയ്‌തുകൊണ്ട് ഹിന്ദുത്വസംഘടനകൾ സോഷ്യൽമീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും ആശങ്കയുണ്ടെന്നും ഇത്തരം സന്ദേശങ്ങൾ സമൂഹത്തിൽ സംഘർഷമുണ്ടാക്കാനും അക്രമം അഴിച്ചുവിടാനും കാരണമാകുമെന്നും ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.
CBCI says the ongoing Christmas celebrations in the country are a planned attack















