
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് സിബിഐ. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുംബൈ കോടതിയിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, സുശാന്തിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവര്‍ത്തിക്ക് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്നാണ് കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് നിഗമനത്തില്‍ എത്തിയത്. എന്നാല്‍, അന്വേഷണത്തില്‍ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപിച്ചതിനെത്തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയിലൂടെ തിളങ്ങിയ താരമാണ് സുശാന്ത്. 2020 ജൂണ്‍ 14 ന് ആണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.