
ഡൽഹി: വെടിനിർത്തൽ പ്രഖ്യാപിച്ച് 4 മണിക്കൂർ പിന്നിട്ടപ്പോൾ പാകിസ്ഥാൻ വീണ്ടും പ്രകോപനം തുടങ്ങി. വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ നിയന്ത്രണ രേഖയിലടക്കം വീണ്ടും പ്രകോപനം ശക്തമാക്കിയെന്നാണ് വ്യക്തമാകുന്നത്. കശ്മീരിൽ പലയിടത്തും ഷെല്ലാക്രമണവും വെടിയൊച്ചയും സ്ഫോടന ശബ്ദങ്ങളും ഉണ്ടായെന്നാണ് റിപ്പോർട്ട്. നിരവധി നഗരങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതെന്നും വിവരങ്ങളുണ്ട്.
ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങൾ പുറത്ത് വിട്ടു. അതേസമയം ഇന്ത്യ വെടിനിൽത്തലിൽ ഉറച്ച് നിൽക്കുകയാണ്. യാതൊരു വിധ സൈനിക നീക്കവും നിലവിൽ നടത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.