
വാഷിംഗ്ടണ്‍: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതുപോലെ ഗാസയിലെ വെടിനിര്‍ത്തലും വിദൂരമല്ലെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
20 മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ – ഗാസ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുതിയ വെടിനിര്‍ത്തല്‍ ശ്രമം ആരംഭിച്ചുവെന്നും അതിനാല്‍, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതി കൈവരിച്ചുവരികയാണെന്നും ട്രംപ് ബുധനാഴ്ച പറഞ്ഞു.
ഗാസയില്‍ വലിയ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നുവെന്നും തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തന്നോട് ഇക്കാര്യം പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ രാഷ്ട്രീയക്കാരില്‍ നിന്നും ഗാസയില്‍ തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും ഭരണ സഖ്യത്തിലെ അംഗങ്ങളില്‍ നിന്നുപോലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇതിനിടെയാണ് വെടിനിര്‍ത്തല്‍ വൈകാതെ സാധ്യമാകും എന്ന സൂചന ട്രംപ് നല്‍കുന്നത്. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്റെ 2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച പോരാട്ടമാണ് ഇസ്രയേല്‍ ഇപ്പോഴും തുടരുന്നത്. ഇരുവര്‍ക്കുമിടയില്‍ പ്രധാന മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ ചൊവ്വാഴ്ച വെടിനിര്‍ത്തലിനായി പുതിയ ശ്രമം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.