25 ഒടിടി പ്ലാറ്റ്‍ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ; ഉല്ലുവിനും ബിഗ് ഷോട്ട്സിനും അടക്കം നിരോധനം

ദില്ലി: 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. തീവ്ര ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്നാണ് നടപടി. ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ ഉള്ളവയ്ക്കാണ് നിരോധനം. നിരവധി പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നടപടിയെടുത്തത്.

രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്‌ഫോമുകൾ ‘സോഫ്റ്റ് പോൺ’ എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. അശ്ലീല കണ്ടന്‍റുകൾ പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിലുള്ള ലഭ്യത തടയുന്നതിനും ഡിജിറ്റൽ ഉള്ളടക്കം മാന്യതയുടെയും നിയമത്തിന്‍റെയും പരിധിയിൽ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നിരോധനം ലക്ഷ്യമിടുന്നത്.

രാജ്യത്തെ ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നിയമകാര്യ വകുപ്പ്, ഫിക്കി, സിഐഐ തുടങ്ങിയ വ്യവസായ സംഘടനകൾ, വനിതാ അവകാശ, ശിശു അവകാശ മേഖലകളിലെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

ബന്ധപ്പെട്ട വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള പ്രവേശനം ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000, ഐടി നിയമങ്ങൾ, 2021 എന്നിവയിലെ വ്യവസ്ഥകൾ ഉപയോഗിച്ച് തടയുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ ഇടനിലക്കാർക്ക് അറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ അശ്ലീലമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 19 വെബ്സൈറ്റുകളും 10 ആപ്പുകളും 18 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും മന്ത്രാലയം നിരോധിച്ചിരുന്നു. അന്ന് നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമുകൾ ഡ്രീംസ് ഫിലിംസ്, നിയോൺ എക്സ് വിഐപി, മൂഡ്എക്സ്, ബേഷരംസ്, വൂവി, മോജ്ഫ്ലിക്സ്, യെസ്മ, ഹണ്ടേഴ്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂജി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈഫ്ലിക്സ്, എക്സ്ട്രാമൂഡ്, ചികൂഫ്ലിക്സ്, എക്സ് പ്രൈം, ന്യൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയായിരുന്നു .

More Stories from this section

family-dental
witywide