പഹല്‍ഗാമില്‍ കണ്ണീരും രക്തവും ഒഴുകിയപ്പോള്‍ ബിബിസി പക്ഷം പിടിച്ചോ? റിപ്പോര്‍ട്ടുകള്‍ക്ക് എതിരെ ബിബിസി മേധാവിയെ അതൃപ്തി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബിബിസി റിപ്പോര്‍ട്ടുകള്‍ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. റിപ്പോര്‍ട്ടിങ് പക്ഷപാതകരമാണെന്നാണു കാട്ടി ബിബിസി മേധാവിയെ അതൃപ്തി അറിയിച്ചു.

ആക്രമണത്തില്‍ രാജ്യത്തിന്റെ ശക്തമായ വികാരം ചൂണ്ടിക്കാട്ടി ബിബിസിയുടെ ഇന്ത്യന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ജാക്കി മാര്‍ട്ടിന് സര്‍ക്കാര്‍ ഔദ്യോഗികമായി കത്തെഴുതിയാണ് അതൃപ്തി അറിയിച്ചത്.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാക്കിസ്ഥാന്‍ യുട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയവുമായതുമായ ഉള്ളടക്കം ഈ ചാനലുകള്‍ നല്‍കിയെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഡോണ്‍, സമ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാര്‍ത്താ ഏജന്‍സികളുടെ യുട്യൂബ് ചാനലുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യുട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. ദി പാക്കിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകള്‍.