
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. അഞ്ച് വർഷത്തെ വിദേശയാത്രകൾക്ക് ചിലവായത് 362 കോടി രൂപയാണ്. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
പ്രധാനമന്ത്രി 2021 മുതൽ 2025 വരെയുള്ള കാലയളവിൽ ചെയ്ത യാത്രകൾക്ക് ചിലവായ തുകയാണ് ഇത്. ഇതിൽ 2025ൽ ഇതുവരെ 67 കോടി രൂപയാണ് ചിലവായത്. ഫ്രാൻസ് യാത്രയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ഏറ്റവും ചിലവേറിയ യാത്ര. ഫ്രാൻസ് യാത്രയിൽ 25 കോടി രൂപയാണ് ചെലവായത്. രണ്ടാമത്തെ ചെലവേറിയ യാത്ര യുഎസിലേക്കാണ്. 16 കോടി രൂപയാണ് യു എസ് യാത്രയിൽ ചിലവായത്. പ്രധാനമന്ത്രി 2024ൽ 16 രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ചിലവായ തുക 109 കോടി രൂപയാണ്. 2023ൽ 93 കോടി രൂപയും 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്.