എതിർപ്പ് കടുത്തതോടെ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാർ; സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന തീരുമാനത്തിൽ നിന്നും പിൻവാങ്ങി

ഡൽഹി: സഞ്ചാർ സാഥി ആപ്പ് പുതിയ മൊബൈൽ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങും. ആപ്പ് നിർബന്ധമായി പ്രീ-ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ജനപ്രീതി വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് പിൻവലിച്ചതെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, മൊബൈൽ നിർമാതാക്കളുൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പ് ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനുള്ള നിർദേശം നടപ്പാക്കില്ലെന്ന് ആപ്പിൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. ലോകത്തെവിടെയും ഇത്തരമൊരു നിർദേശം കമ്പനി അംഗീകരിച്ചിട്ടില്ലെന്നും iOS സംവിധാനത്തിന്റെ സുരക്ഷയെയും സ്വകാര്യതയെയും ഇത് ബാധിക്കുമെന്നുമാണ് ആപ്പിളിന്റെ നിലപാട്. ഈ കാര്യം ആപ്പിൾ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കനത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ തന്നെ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് ആപ്പ് ഇഷ്ടമില്ലെങ്കിൽ അത് ഡിലീറ്റ് ചെയ്യാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദം ഉയർന്ന ഉടനെ കേന്ദ്രം അറിയിച്ചു. സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന ആശങ്കകൾക്കിടയിൽ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചത്, ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക മാത്രമാണ് ആപ്പിന്റെ ലക്ഷ്യമെന്നുമാണ്.

More Stories from this section

family-dental
witywide