പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം ‘ഓപ്പറേഷൻ സിന്ദൂറി’ൽ പാർലമെന്റിൽ ചർച്ച, 16 മണിക്കൂർ അനുവദിച്ചു

ഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിഷയം പാർലമെന്റിൽ വിശദമായ ചർച്ചയാകും. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂർ വീതം ചർച്ചയ്ക്കായി സമയം നീക്കിവച്ചതായി കേന്ദ്രം അറിയിച്ചു. യു കെ – മാലിദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയ ശേഷമാകും ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്‍റ് ചർച്ചക്കെടുക്കുക. പ്രധാനമന്ത്രിയും ചർച്ചയിൽ പങ്കെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്‌സഭയിൽ 28 -ാം തിയതിയും രാജ്യസഭയിൽ പിറ്റേന്നുമാകും ചർച്ച നടക്കുക.

ബുധനാഴ്ച ചേര്‍ന്ന ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിലാണ് ചര്‍ച്ചയ്ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായത്. രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള പ്രമേയം ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ചയ്ക്കായി പ്രതിപക്ഷം ഉന്നയിച്ചതിനെ തുടർന്ന് ഇരു സഭകളും സ്തംഭനാവസ്ഥയിലായിരുന്നു. പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധങ്ങളും ആവശ്യങ്ങളും മൂലം പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് സമയം അനുവദിച്ച് നിലപാട് വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിവാദങ്ങളും ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാനുള്ള തീരുമാനം സഭാ നടപടികൾ സുഗമമാക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ഇരു സഭകളും അടുത്ത ദിവസം വീണ്ടും സമ്മേളിക്കും.

More Stories from this section

family-dental
witywide