
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായി വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ മുതല്‍ ആരംഭിക്കാനിരിക്കെയാണ് നിര്‍ണായക കേന്ദ്ര നീക്കം. ജൂലൈ 21 ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനം ഓഗസ്റ്റ് 21 നാണ് അവസാനിക്കുക.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സംഘര്‍ഷത്തിനിടെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ പോര് കടുക്കുന്നുണ്ട്. അതിനിടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നത്. ട്രംപിന്റെ വെളിപ്പെടുത്തലില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ വിശദീകരണം തേടിയിരുന്നു. ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുല്‍ സമൂഹമാധ്യമമായ എക്‌സിലൂടെ ചോദിച്ചു. ‘രാജ്യത്തിന് അത് അറിയാനുള്ള അവകാശം ഉണ്ട്’ എന്നും രാഹുല്‍ എക്സില്‍ കുറിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
വെള്ളിയാഴ്ച ഒരു സ്വകാര്യ അത്താഴ വിരുന്നില്‍ നടത്തിയ പരാമര്‍ശത്തില്‍ ഓപ്പറേഷന്‍ സിന്ദൂരിനിടെ അഞ്ച് ജെറ്റുകള്‍ വെടിവച്ചിട്ടുവെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇന്ത്യയാണോ പാക്കിസ്ഥാനാണോ വിമാനം വീഴ്ത്തിയതെന്ന് ട്രംപ് പറഞ്ഞില്ല. സംഭവം ഇന്ത്യയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായി.
ബഹവല്‍പൂരിലെ ജെയ്ഷെ-ഇ-മുഹമ്മദിന്റെ ആസ്ഥാനവും മുരിഡ്കെയിലെ ലഷ്‌കര്‍-ഇ-തൊയ്ബയും ഉള്‍പ്പെടെ പാകിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. തൊട്ടുപിന്നാലെ പാക്കിസ്ഥാന്‍ നിരവധി ഇന്ത്യന്‍ ജെറ്റുകള്‍ വെടിവച്ചിട്ടതായി അവകാശപ്പെടാന്‍ തുടങ്ങി. അവയില്‍ മൂന്ന് റാഫേലുകളും ഉള്‍പ്പെടുന്നുവെന്നും പാക്കിസ്ഥാന്‍ പറയുന്നു. എന്നാല്‍ ഇതിന് തെളിവൊന്നും ഇതുവരെ നല്‍കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.