
ഡൽഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഈ നിയമനങ്ങൾക്ക് ഉത്തരവ് പുറപ്പെടുവിച്ചു. 48 മണിക്കൂറിനുള്ളിൽ ശുപാർശ അംഗീകരിച്ച് നിയമനം നടത്തിയത് ശ്രദ്ധേയമാണ്. ഈ നിയമനങ്ങളോടെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 എന്ന പൂർണ ശേഷിയിലെത്തും.
നിയമന പ്രക്രിയയിൽ കൊളീജിയത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. ജസ്റ്റിസ് വിപുൽ എം പഞ്ചോളിയുടെ നിയമനത്തിൽ ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സീനിയോറിറ്റി മറികടന്നുള്ള നിയമനവും ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ ജഡ്ജി എന്നതും കൊളീജിയം സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ, കൊളീജിയത്തിലെ മറ്റ് നാല് അംഗങ്ങൾ പഞ്ചോളിയെ പിന്തുണച്ചതിനാൽ 4-1 എന്ന തീരുമാനത്തോടെ ശുപാർശ അംഗീകരിക്കപ്പെടുകയും കേന്ദ്രം അതിവേഗം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.