ലഡാക്ക് അക്രമത്തില്‍ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്രം; ‘വാങ്ചുക്കിന്റെ പ്രസ്താവന ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു’, ലേയിൽ കർഫ്യൂ തുടരുന്നു

ലേ : ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ഇന്നലെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്രം. ‘നിരാഹാര സമരം പിന്‍വലിക്കാന്‍ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും, സോനം അത് തുടര്‍ന്നു, അറബ് വസന്തകാല പ്രതിഷേധത്തെക്കുറിച്ചുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളിലൂടെയും നേപ്പാളിലെ ജനറല്‍ ഇസഡ് പ്രതിഷേധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു,’ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ലഡാക്കിലെ പ്രതിഷേധത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ വ്യക്തിപരമായ അഭിലാഷങ്ങള്‍ക്ക് ലഡാക്കും അതിലെ യുവജനങ്ങളും വലിയ വില നല്‍കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.

”ലഡാക്കിലെ യുവാക്കളെ കുറ്റപ്പെടുത്താനാവില്ല, കാരണം അവര്‍ രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടങ്ങള്‍ക്കായി ഒരു ദുഷ്ട ഗൂഢാലോചനയില്‍ കുടുങ്ങിയിരിക്കുന്നു” സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ലഡാക്കിലെ ജനങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രഭരണ പ്രദേശത്ത് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവര്‍ ഇന്നലെ പൊലീസുമായി അക്രമാസക്തമായി ഏറ്റുമുട്ടുകയും കല്ലേറില്‍ 50 സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും ഭരണകൂടം അറിയിച്ചു. പ്രതിഷേധക്കാരില്‍ ഒരു വിഭാഗം ലഡാക്ക് ഹില്‍ കൗണ്‍സില്‍ അസംബ്ലിയുടെ ഹാളിന് തീയിടുകയും ചെയ്തു.

അതേസമയം, ലേയിൽ ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. ഏറ്റുമുട്ടലുകള്‍ക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ലഫ്റ്റനന്റ് ഗവർണർ ആരോപിച്ചത്. അക്രമത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു

More Stories from this section

family-dental
witywide