മന്ത്രി രാജീവിനു പിന്നാലെ വീണാ ജോര്‍ജ്ജിനും യുഎസ് യാത്രാ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് യുഎസ് സര്‍വകലാശാലയിലെ പ്രഭാഷണത്തിന് കേന്ദ്രം യാത്രാനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചുവെങ്കിലും കേന്ദ്രം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

മൂന്നാഴ്ച മുമ്പ് മന്ത്രി യാത്രാ അനുമതിക്കായി അപേക്ഷിച്ചിരുന്നുവെങ്കിലും അവരുടെ യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് മാത്രമാണ് അനുമതി നിഷേധിച്ചകാര്യം കേന്ദ്രം അറിയിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് പറയുന്നത്.

സംഭവത്തില്‍ പ്രതികരിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, സന്ദര്‍ശനം നിഷേധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്നും കാരണം എന്താണെന്ന് അറിയില്ലെന്നും മുന്‍പ് മന്ത്രി പി രാജീവിനുള്‍പ്പെടെ സമാന അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്നും പറഞ്ഞു.

കേരള മന്ത്രിമാര്‍ക്ക് വിദേശയാത്രാ അനുമതി നിഷേധിക്കുന്നത് ഇതാദ്യമല്ല. മാര്‍ച്ചില്‍, വാഷിംഗ്ടണില്‍ നടന്ന പൊതുഭരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യവസായ മന്ത്രി പി രാജീവിനും സംഘത്തിനും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.