ന്യൂഡൽഹി: സ്മാർട്ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കാനുള്ള തീരുമാനം കടുത്ത എതിർപ്പിനെത്തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ചു. പുതുതായി നിർമിക്കുന്നതും വിപണിയിലെത്തിക്കഴിഞ്ഞതുമായ എല്ലാ ഫോണുകളിലും 90 ദിവസത്തിനകം ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു ടെലികോം വകുപ്പിന്റെ നിർദേശം. വ്യാജ ഐഎംഇഐ നമ്പറുകളുള്ള ഫോണുകൾ തടയുക എന്നതാണ് ലക്ഷ്യമെന്ന് വിശദീകരിച്ചെങ്കിലും സർവൈലൻസ് ആശങ്കയും സ്വകാര്യതാ ലംഘന ആരോപണവും ഉയർന്നതോടെ സർക്കാർ പിന്മാറി.
പ്രതിപക്ഷത്തിന്റെയും ആപ്പിൾ കമ്പനിയുടെയും സാങ്കേതിക വിദഗ്ധരുടെയും ശക്തമായ വിമർശനങ്ങൾക്കിടെ രാവിലെ ലോക്സഭയിൽ ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി “പൊതുജനാഭിപ്രായം കണക്കിലെടുത്ത് മാറ്റം വരുത്താൻ തയാറാണ്” എന്ന് പ്രഖ്യാപിച്ചു. വൈകീട്ടോടെ ഔദ്യോഗികമായി നിർദേശം പിൻവലിച്ചു. ആപ്പിന് വലിയ പ്രചാരം ലഭിച്ചുവെന്നും ഇന്നലെ മാത്രം 6 ലക്ഷവും ആകെ 1.4 കോടി ഡൗൺലോഡുകളും ഉണ്ടായതാണെന്നും സർക്കാർ വിശദീകരിച്ചു. ആപ്പിലൂടെ യാതൊരു നിരീക്ഷണവും നടക്കില്ലെന്നും ഉപയോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാമെന്നും മന്ത്രി ആവർത്തിച്ചു.
നേരത്തെ മൊബൈൽ കമ്പനികൾക്കയച്ച ഉത്തരവിൽ ആപ്പ് ഡിസേബിൾ ചെയ്യാനോ പരിമിതപ്പെടുത്താനോ പാടില്ലെന്ന് നിർദേശിച്ചിരുന്നത് വിവാദമായിരുന്നു. ഉപയോക്താക്കൾക്കല്ല, കമ്പനികൾക്കുള്ള നിർദേശമാണെന്നായിരുന്നു ടെലികോം വകുപ്പിന്റെ വിശദീകരണം. എന്നാൽ ജനരോഷം ശക്തമായതോടെ പൂർണമായും യു-ടേൺ സ്വീകരിക്കുകയായിരുന്നു കേന്ദ്രം.












