
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു വര്‍ഷമാണ് കമ്മിറ്റികളുടെ കാലാവധി. ബില്ലുകളും നയപരമായ കാര്യങ്ങളും കൂടുതല്‍ സമഗ്രമായും വിശദമായും പരിശോധിക്കുന്നതിനായി കാലാവധി വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കമ്മിറ്റികളുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. അതിനാല്‍ത്തന്നെ ചെയര്‍പേഴ്സണ്‍മാരുടെ മാറ്റത്തിന് ഇപ്പോള്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26 നാണ് വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി ശശി തരൂരിനെ നിയമിച്ചത്. കാലാവധി നീട്ടിയാല്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷം കൂടി ചെയര്‍മാനായി തുടരാനാകും. പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് രാഷ്ട്രീയമായി വലിയ ഉത്തേജനം നല്‍കുന്ന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.
ലോക്‌സഭയില്‍ നിന്നുള്ള 21 പേരും രാജ്യസഭയില്‍ നിന്നുള്ള 10 പേരും ഉള്‍പ്പെടെ 31 അംഗങ്ങള്‍ ഉള്‍പ്പെടുന്ന 24 സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുണ്ട്. ഓരോ കമ്മിറ്റിയും ഒരു പ്രത്യേക മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ നടപടിക്രമങ്ങള്‍, ബജറ്റുകള്‍, നയങ്ങള്‍ എന്നിവ നിരീക്ഷിക്കുകയാണ് ചെയ്യുക.
ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനുമാണ് ചെയര്‍പേഴ്സണ്‍മാരെ നാമനിര്‍ദ്ദേശം ചെയ്യുന്നത്, അതേസമയം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ എല്ലാ വര്‍ഷവും പുനഃസംഘടിപ്പിക്കാറുണ്ട്. പാനലുകളില്‍ പുതിയ അംഗങ്ങള്‍ എത്തുമ്പോള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ തുടര്‍ച്ച നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഇത്തരം വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റിയുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടത്.