ചണ്ഡീഗഢിനെ അനുച്ഛേദം 240ൽ ഉൾപ്പെടുത്തുന്നു; ശൈത്യകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ചണ്ഡീഗഢിനെ ഭരണഘടനയുടെ അനുച്ഛേദം 240ൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുന്നു. ഇതിനായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഭരണഘടന (131 ഭേദഗതി) ബിൽ 2025 എന്ന പേരിൽ ബില്ല് അവതരിപ്പിക്കും. ചണ്ഡീഗഢിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഹരിയാനയും പ‍ഞ്ചാബും ഒരേ പോലെ അവകാശവാദം ഉന്നയിക്കുന്ന തലസ്ഥാനമാണ് ചണ്ഡീഗഢ്. ഡിസംബർ ഒന്ന് മുതലാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. ഈ സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുക.

അതേസമയം, വിഷയത്തിൽ ചണ്ഡീഗഢിലുള്ള പഞ്ചാബിന്റെ അവകാശവാദത്തെ ദുർബലപ്പെടുത്തുന്നതാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പുതിയ ഭേദഗതി പഞ്ചാബിന്റെ താൽപ്പര്യങ്ങൾക്ക് എതിരാണെന്ന് പഞ്ചാബ്
മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. ചണ്ഡീഗഢ് പഞ്ചാബിന് കൈമാറണമെന്ന്
ഫരീദാബാദിൽ നടന്ന വടക്കൻ മേഖലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ ഗ്രാമങ്ങളെ പിഴുതെറിഞ്ഞ് നിർമ്മിച്ച ചണ്ഡീഗഡ് പഞ്ചാബിന് മാത്രമുള്ളതാണ്. ഞങ്ങളുടെ അവകാശം നഷ്ടപ്പെടുത്താൻ അനുവദിക്കില്ല… ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം, ഭരണഘടനയുടെ 240ൽ ഉൾപ്പെടുത്തുന്നതോടെ ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന് ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ സാധ്യതയുണ്ട്. നിലവിൽ പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല വഹിക്കുന്നത്. 1966 നവംബർ 1 മുതൽ പഞ്ചാബ് പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ മുതൽ ചണ്ഡീഗഢ് ചീഫ് സെക്രട്ടറി സ്വതന്ത്രമായി ഭരിച്ചു. 1984 ജൂൺ 1 മുതൽ പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഢ് ഭരിക്കുന്നത്.

Chandigarh included in Article 240; Central government set to introduce bill in winter session

More Stories from this section

family-dental
witywide