
ഡൽഹി: കെപിസിസി പുനഃസംഘടനയെ തുടർന്നുണ്ടായ അതൃപ്തിക്ക് പിന്നാലെ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കും ഷമ മുഹമ്മദിനും പുതിയ പദവി നൽകി എഐസിസി. ചാണ്ടി ഉമ്മനെ ടാലന്‍റ് ഹണ്ട് കോർഡിനേറ്ററായി നിയമിച്ചു. മേഘാലയുടെയും അരുണാചൽ പ്രദേശിന്‍റെയും ചുമതലയും നൽകി. കെപിസിസി പുനഃസംഘടനയിൽ ചാണ്ടി ഉമ്മൻ പ്രതിഷേധം അറിയിച്ചിരുന്നു. കേരളത്തിന്‍റെ ചുമതല ജോർജ് കുര്യനാണ് വഹിക്കുന്നത്. അദ്ദേഹം എഐസിസി റിസർച്ച് കോർഡിനേറ്ററാണ്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
നേരത്തെ, കെപിസിസി ഭാരവാഹിയാക്കത്തതിൽ പ്രതിഷേധിച്ച് കെപിസിസി മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നിരുന്നു. താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ മുരളീധരന് അതൃപ്തിയുണ്ട്. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാത്തതിൽ വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യമായ അതൃപ്തി ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. കെപിസിസി വൈസ് പ്രസിഡന്‍റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ചാണ്ടി ഉമ്മൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചിരുന്നു.
















