സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തലത്തില്‍ ഭരണമാറ്റം; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു! 26,27 തീയതികളിൽ അധ്യക്ഷ തിരഞ്ഞെടുപ്പ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേറ്റു. ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനാലാണ്, അവധി ദിനമായ ഇന്ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് വൈഷ്ണയും സത്യപ്രതിജ്ഞ ചെയ്തത്. മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത്. ക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ഇന്ന് തന്നെ ചേരും. വരണാധികാരികളുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. ജില്ലാ പഞ്ചായത്തുകളിൽ കളക്ടർമാരും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളും സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗമായിരിക്കും ആദ്യ യോഗത്തിൽ അധ്യക്ഷത വഹിക്കുക.

പുതിയ ഭരണസാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 26ന് മേയർ, മുനിസിപ്പൽ ചെയർമാൻ എന്നിവരെ പ്രഖ്യാപിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഡിസംബർ 27ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. അടുത്ത അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് ഇന്നത്തെ സത്യപ്രതിജ്ഞയോടെ തുടക്കമാവുകയാണ്.

More Stories from this section

family-dental
witywide