ചാർളി കിർക്ക് അനുസ്മരണം; ഡോണാൾഡ് ട്രംപും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും, സുരക്ഷ ശക്തം

അരിസോണയിലെ ഗ്ലെൻഡെയിലിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ടേണിംഗ് പോയിൻ്റ് യുഎസ്എ സംഘടനയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൻ്റെ സുരക്ഷ ശക്തമാക്കി സുരക്ഷാ ഉദ്യോഗസ്ഥർ. പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പർബോൾ പോലുള്ള വലിയ പരിപാടികൾക്കുള്ള സുരക്ഷാ അനുസ്മരണ ചടങ്ങിന് നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സീക്രറ്റ് സർവീസ്, ഫെഡറൽ ഏജൻസികൾ, പ്രാദേശിക പൊലീസ് എന്നിവർ സംയുക്തമായാണ് സുരക്ഷാസംവിധാനങ്ങൾ നടപ്പാക്കുന്നത്.

അതേസമയം, 31-ാം വയസിൽ വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ൻ്റെ ഏറ്റവും അടുത്ത അനുയായിയും യുവജന സംഘടനയായ ടേണിംഗ് പോയിൻ്റ് യുഎസ്എ (TPUSA)യുടെ സ്ഥാപകനുമായ കൺസർവേറ്റീവ് നേതാവ് ചാർളി കിർക്കിന് ആദരാഞ്ജലി അർപ്പിക്കാൻ അനുസ്മരണ ചടങ്ങിലേക്ക് ഒരു ലക്ഷത്തിലധികം പേരാണ് എത്തുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ചാർളിയുടെ ഭാര്യയും TPUSAയുടെ പുതിയ സിഇഒയുമായ എറിക്കാ കിർക്ക്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ, വലതുപക്ഷ രാഷ്ട്രീയ കമന്റേറ്ററായ ടക്കർ കാൾസൺ, ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫൻ മില്ലർ തുടങ്ങിയവർ സംസാരിക്കും.

അനുസ്മരണ പരിപാടിയ്ക്കായി രാവിലെ 8 മണിക്ക് പ്രവേശനം ആരംഭിക്കും. പ്രധാന പരിപാടി രാവിലെ 11 മണിക്കാണ് ആരംഭിക്കുക. ഡ്രസ്കോഡ് ചുവപ്പ്, വെളുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള വസ്ത്രമാണ്. ആദ്യമെത്തുന്ന 63,000 പേർക്കാകും പ്രവേശത്തിന് മുൻഗണന. സ്റ്റേഡിയത്തിന് സമീപം 20,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന അധിക സ്റ്റേഡിയവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിന്റെ തത്സമയ സംപ്രേഷണം ചാർലി കിർക്കിന്റെ Rumble അക്കൗണ്ടിലൂടെയും TPUSAയുടെ വെബ്‌സൈറ്റിലൂടെയും ലഭ്യമാകും. 18- ആം വയസ്സിൽ TPUSA സ്ഥാപിച്ച കിർക്ക് സെപ്റ്റംബർ 10-ന് യൂട്ടായിലെ ഒരു സർവകലാശാലയിൽ നടന്ന ഒരു പ്രഭാഷണ പരിപാടിക്കിടെയാണ് വെടിയേറ്റ് മരിച്ചത്. അതേസമയം, പ്രതിയായ ടൈലർ റോബിൻസൺ (22)ന്റെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമായിട്ടില്ല.

More Stories from this section

family-dental
witywide