
വാഷിങ്ടൺ: ട്രംപിന്റെ പ്രിയപ്പെട്ട അനുയായിയും യാഥാസ്ഥിതിക സംഘടനയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവൈ ദുരൂഹതയുണർത്തി ആമസോണിൽ വിൽപനയ്ക്കെക്കെത്തിയ പുസ്തകം. ‘ദി ഷൂട്ടിങ് ഓഫ് ചാർളി കിർക്ക്’ എന്ന അനസ്തേഷ്യ ജെ. കെയ്‌സി എന്ന വ്യക്തി എഴുതിയതായി കാണിക്കുന്ന പുസ്‌തകമാണിപ്പോൾ ചർച്ചയാകുന്നത്.
ബുധനാഴ്ച യുഎസിലെ യൂട്ടായിലെ യൂട്ടാ വാലി സർവകലാശാലയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് ചാർളി കിർക്ക് വെടിയേറ്റ് മരിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചാർളി മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പുസ്‌തകം വിൽപ്പനയ്ക്ക് എത്തിയതാണ് ദുരൂഹതയാകുന്നത്. ആമസോണിൽ “ദി ഷൂട്ടിങ് ഓഫ് ചാർളി കിർക്ക്’; യൂട്ടാ വാലി സർവകലാശാലയിലെ ആക്രമണം, അതിന്റെ അനന്തരഫലങ്ങൾ, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം’ എന്ന തലക്കെട്ടോടുകൂടിയാണ് പുസ്‌തകം വിൽപനയ്ക്കെത്തിയത്.
പുസ്‌തകം പുറത്തിറങ്ങിയ തീയതിയുടെ സ്ഥാനത്ത് – സെപ്റ്റംബർ ഒമ്പത്, 2025 എന്നാണ് നൽകിയിരിക്കുന്നത്. സൈറ്റിൽനിന്ന് പുസ്‌തകത്തിൻ്റെ ലിസ്റ്റിങ് നീക്കം ചെയ്‌തെങ്കിലും പുസ്‌തകത്തിൻ്റെ പുറംചട്ട, തലക്കെട്ട്, തീയതി, പുസ്‌തകത്തിന് ആമസോണിൽ നൽകിയിരുന്ന സംഗ്രഹം എന്നിവ കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
എന്നാൽ, പ്രസ്തുത പുസ്‌തകത്തെക്കുറിച്ച് അന്വേഷണം നടത്തിയതായി ആമസോൺ വക്താവ് സ്ഥിരീകരിച്ചു. ഏതൊക്കെ പുസ്‌തകങ്ങൾ വിൽപ്പനയ്ക്ക് വെക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ചില മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത പുസ്‌തകങ്ങൾ നീക്കം ചെയ്യാറുണ്ട്. ചോദ്യം ചെയ്യപ്പെട്ട പുസ്‌തകം ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമല്ല.
ഈ പുസ്‌തകം കുറച്ചുകാലം ലിസ്റ്റ് ചെയ്തിരുന്നപ്പോൾ പ്രദർശിപ്പിച്ചിരുന്ന പ്രസിദ്ധീകരണ തീയതി തെറ്റായിരുന്നു, ഇതുമൂലമുണ്ടായ ആശയക്കുഴപ്പത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും സെപ്റ്റംബർ 10-ന് ഉച്ചകഴിഞ്ഞാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചതെന്നും ആമസോൺ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ്. കോം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ആരാണ് അനസ്തേഷ്യ കെയ്‌സി? സെപ്റ്റംബർ ഒമ്പതിന് പ്രസിദ്ധീകരിച്ചു എന്നതിൻ്റെ വിശ്വാസ്യത എന്തുതന്നെയായാലും, എങ്ങനെയാണ് ഈ പുസ്‌തകം ഇത്ര പെട്ടെന്ന് പുറത്തിറങ്ങിയത്?’ ‘ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും? ‘അനസ്തേഷ്യ ജെ. കെയ്‌സി എഴുതിയ ‘ദി ഷൂട്ടിങ് ഓഫ് ചാർളി കിർക്ക്’ എന്ന പുസ്‌തകം ചാർളിക്ക് വെടിയേൽക്കുന്നതിന് ഒരു ദിവസം മുൻപ്, 2025 സെപ്റ്റംബർ ഒമ്പതിന് പ്രസിദ്ധീകരിച്ചു.
അപ്പോൾ ഇതെല്ലാം ആസൂത്രിതമായിരുന്നു എന്നാണോ നമ്മൾ മനസിലാക്കേണ്ടത്? ആരാണ് ഈ അനസ്തേഷ്യ എന്നത് പോലീസ് അന്വേഷിച്ചേ മതിയാവൂ.’ ‘ഇത് ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുന്നു. എങ്ങനെയാണ് അനസ്തേഷ്യ ജെ. കെയ്സിയുടെ ‘ദി ഷൂട്ടിംഗ് ഓഫ് ചാർളി കിർക്ക്’ എന്ന പുസ്‌തകത്തിന് 2025 സെപ്റ്റംബർ ഒമ്പത് എന്ന പ്രസിദ്ധീകരണ തീയതി ഉണ്ടാകുന്നത്? അദ്ദേഹം വെടിയേറ്റ് മരിച്ചത് സെപ്റ്റംബർ 10-നാണ്. ഇത് അവിശ്വസനീയമാണ്.’ എന്നിങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യുകയാണ്.