
തിരുവനന്തപുരം: കനിവ് ആംബുലൻസ് സർവീസ് കരാറുമായി ബന്ധപ്പെട്ട 250 കോടി രൂപയുടെ കമ്മിഷൻ ഇടപാട് വിവാദത്തിൽ സർക്കാർ മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല രൂക്ഷവിമർശനവുമായി രംഗത്ത്. സർക്കാർ പ്രതികരിക്കാത്തത് കുറ്റസമ്മതമായി കണക്കാക്കാമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കമ്മിഷനില്ലാതെ ഒരു ഇടപാടും നടത്താത്ത അവസ്ഥയിലാണെന്നും ചെന്നിത്തല ആരോപിച്ചു. സാധാരണക്കാരുടെ നികുതിപ്പണത്തിൽനിന്നാണ് ഈ കമ്മിഷൻ വാങ്ങിയതെന്നും, കരാർ അനധികൃതമായി നീട്ടിക്കൊടുക്കുകയും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യേണ്ട കമ്പനിയെ ടെൻഡറിൽ കടത്തിവിട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലാണെന്നും, പാവപ്പെട്ടവരുടെ ചികിത്സാ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരോഗ്യമേഖല നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ആശുപത്രികളിൽ അവശ്യമരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ദൗർലഭ്യം രൂക്ഷമാണെന്നും ചെന്നിത്തല വിമർശിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങുന്നു. ആൻജിയോപ്ലാസ്റ്റി ഉപകരണ വിതരണക്കാർക്ക് 160 കോടി രൂപ കുടിശ്ശികയുള്ളതിനാൽ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഡോ. ഹാരീസിനെതിരെ പരാതി ഉന്നയിച്ചതിന് നടപടിയെടുത്ത സർക്കാർ, ഇപ്പോൾ നാല് വകുപ്പുകൾ സമാന ആവശ്യങ്ങൾ ഉന്നയിച്ചതോടെ വെട്ടിലായിരിക്കുകയാണ്. ആരോഗ്യമന്ത്രിയെ മാറ്റി പാവപ്പെട്ടവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.