
തിരുവനന്തപുരം : അഴിമതി, സ്വജനപക്ഷപാതം കെടുകാര്യസ്ഥത എന്നീ മൂന്നു വാക്കുകള്‍ക്കൊണ്ട് പിണറായി സര്‍ക്കാരിനെ അടയാളപ്പെടുത്താമെന്ന് വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാലു വര്‍ഷത്തെ രണ്ടാം പിണറായി സര്‍ക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
സംസ്ഥാനത്ത് ഭരണ യന്ത്രം ചലിക്കുന്നില്ലെന്നും സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
വന്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേതെന്നും ശിവശങ്കരന്‍, കെ.എ എബ്രഹാം, ഡി.ജി.പി അജിത് കുമാര്‍, തുടങ്ങി എത്രയെത്ര ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി വെറും പാവയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാവര്‍ക്കുമൊപ്പം ഇടപാടുകളില്‍ പങ്കാളിയായി ലാഭം കൈപ്പറ്റിയ ആളായി മുഖ്യമന്ത്രി മാറിയതു കൊണ്ടാണ് നടപടി പോലും എടുക്കാനാവാതെ നിരന്തര ബ്ളാക്ക് മെയിലിങ്ങിന് പിണറായി വിജയന്‍ വിധേയനാകുന്നത്. അഴിമതിയുടെ മഹാസാഗരത്തില്‍ കിടക്കുമ്പോഴും, വനിതകളെയും യുവാക്കളെയും മാനിക്കാന്‍ പോലും ഈ ഭരണകൂടം തയ്യാറാവുന്നില്ല. സമരങ്ങളെ പുച്ഛിച്ചു തള്ളുന്ന ഫാസിസ്റ്റ് നയമാണിവിടെ നടപ്പാകുന്നത്.
അനധികൃത നിയമന നിരോധനം മൂലം തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ശാപം ഈ സര്‍ക്കാരിനെ പിന്തുടരുന്നുണ്ടെന്നും ആശാവര്‍ക്കര്‍മാരുടെയും വനിതാ പൊലീസ് റാങ്ക് ലിസ്റ്റിലെ നിസഹായരായ വനിതകളുടെ കണ്ണീര്‍ ഈ സര്‍ക്കാരിന്റെ ക്രൂരതയ്ക്കു സാക്ഷ്യമായി കിടപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്‍വാതില്‍ നിയമനങ്ങളില്‍ ഈ സര്‍ക്കാര്‍ സര്‍വകാല റിക്കോര്‍ഡിട്ടുവെന്നും പാര്‍ട്ടി ബന്ധുക്കളെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകി കയറ്റിയെന്നും ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു. ധൂര്‍ത്ത് സര്‍വകാല റെക്കോര്‍ഡ് മറികടന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനും മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും കോടികള്‍ ചിലവഴിച്ചു. അതേ സമയം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുണ്ടായിരുന്നില്ല. കേരളത്തിലെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷെ പി ആര്‍ ഏജന്‍സുകള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണത്തിന് ഒരു പഞ്ഞവും ഉണ്ടായില്ല. ഇതുപോലെ ഒരു ജനദ്രോഹസര്‍ക്കാര്‍ കേരളത്തിന് ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി – അദ്ദേഹം വിമര്‍ശന ശരം തൊടുത്തു.










