
റായ്പൂര്‍: ഭാര്യയുടെ ജോലി ഇല്ലാത്തതിന്റെ പേരിലുള്ള അവഹേളനത്തെ തുടർന്ന് യുവാവിന് വിവാഹമോചനം അനുവദിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി. ജോലി ഇല്ലാത്തതിന്റെ പേരില്‍ അവഹേളിക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ന്യായീകരിക്കാനാവാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും മാനസിക പീഡനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചാണ് ഭര്‍ത്താവിന് വിവാഹമോചനം നൽകിയത്. ജസ്റ്റിസുമാരായ രജനി ദുബെ, അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരുടെ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്.
കുടുംബക്കോടതി വിവാഹമോചന ആവശ്യം തള്ളിയതിന് പിന്നാലെയായിരുന്നു ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 1996 ൽ വിവാഹിതരായ ദമ്പതികളിൽ അഭിഭാഷകനായ ഭര്‍ത്താവ് ഭാര്യയെ ഉപരിപഠനത്തിന് സഹായിക്കുകയും പില്‍ക്കാലത്ത് ഇവര്‍ പിഎച്ച്ഡി കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍, ഇതിനുപിന്നാലെ ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടായിയെന്ന് ഭര്‍ത്താവ് പറയുന്നു.
പിന്നീട് വഴക്കും അഭിഭാഷക ജോലിയെച്ചൊല്ലി അപമാനിക്കലും ആരംഭിച്ചു. കോവിഡ് കാലത്ത് ഭര്‍ത്താവിന് വരുമാനം നിലച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പിന്തുണയ്ക്കുന്നതിന് പകരം തന്നെ തൊഴിലില്ലാത്തവന്‍ എന്നുവിളിച്ച് ആക്ഷേപിച്ചെന്നും ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശത്തോടെ ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും പരാതിക്കാരന്‍ പറയുന്നു.
തുടർന്ന് ഭാര്യ മകളെയും കൂട്ടി ഭര്‍തൃഗൃഹം വിട്ടുപോയെന്നും മകളെ പിതാവിനെതിരാക്കിയെന്നും കോടതി നിരീക്ഷിച്ചു. മകനെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച ഇവർ താന്‍ പോകുന്നത് സ്വന്തം താല്‍പ്പര്യപ്രകാരമാണെന്നും മകനും ഭര്‍ത്താവുമായുമുള്ള ബന്ധം ഉപേക്ഷിക്കുന്നതായി കത്തെഴുതിവെച്ചിരുന്നതും കോടതി പരിഗണിച്ചു. അതേസമയം, പലതവണ നോട്ടീസ് അയച്ചിട്ടും ഭാര്യ കോടതിയില്‍ ഹാജരാവുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.