നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിനെതിരെ ശാന്തമായ ചെറുത്തുനില്‍പ്പിന് ആഹ്വാനം ചെയ്ത് ഷിക്കാഗോ പള്ളികള്‍

ഷിക്കാഗോ : ഷിക്കാഗോ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്കും ട്രംപ് ഭരണകൂടത്തിന്റെ നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിനും തയ്യാറെടുക്കുമ്പോള്‍, ശാന്തമായ പ്രതിഷേധത്തിന് പള്ളികളും തയ്യാറെടുക്കുന്നു. നഗരത്തിലുടനീളമുള്ള പള്ളികളില്‍ ഞായറാഴ്ച പ്രസംഗവേദിയില്‍ വൈദികര്‍ ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഷിക്കാഗോയിലെ കറുത്തവര്‍ഗക്കാരുടെ പള്ളിയിലെ വിശ്വാസികള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വയ്ക്കാനും കുടുംബവുമായി ബന്ധം നിലനിര്‍ത്താനും റവ. മാര്‍ഷല്‍ ഹാച്ച് അഭ്യര്‍ത്ഥിച്ചു. വിശ്വാസികളോട് ശാന്തമായി പ്രതിഷേധവുമായി മുന്നോട്ടുപോകാനും വൈദികര്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രതിഷേധക്കാരെ അകാരണമായി തടങ്കലില്‍ വയ്ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ കൃത്യമായി എവിടെയാണെന്ന് കുടുംബത്തോടും പ്രിയപ്പെട്ടവരോടും പറയണമെന്ന് നിര്‍ദേശമുണ്ട്. ”ഞങ്ങള്‍ നിരാശരാകാന്‍ പോകുന്നില്ല. ഞങ്ങള്‍ക്ക് ഭീഷണി തോന്നാന്‍ പോകുന്നില്ല. ഞങ്ങള്‍ ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനും വഴങ്ങാന്‍ പോകുന്നില്ല.” റവ. മാര്‍ഷല്‍ ഹാച്ച് പറയുന്നു.

ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളില്‍ ഫെഡറല്‍ ഇടപെടലുകള്‍ നടത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാനും നാടുകടത്തല്‍ വര്‍ദ്ധിപ്പിക്കാനും ഷിക്കാഗോയില്‍ നാഷണല്‍ ഗാര്‍ഡ് സേനയെ ഉപയോഗിക്കുമെന്ന് അടുത്തിടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ പ്രാദേശിക നേതാക്കളില്‍ നിന്നും ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുകളുണ്ടായിരുന്നു. ഷിക്കാഗോയില്‍ സൈനിക സാന്നിധ്യം ഉണ്ടായാല്‍ അത് വലിയ തരത്തിലുള്ള ഭീഷണി സൃഷ്ടിക്കുമെന്ന് ആളുകള്‍ പറയുന്നു.

അതേസമയം, ഷിക്കാഗോയില്‍ എപ്പോഴാണ് നാഷണല്‍ ഗാര്‍ഡ് സൈന്യത്തെ വിന്യസിക്കുക എന്ന് ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ അതിര്‍ത്തി സര്‍ ടോം ഹോമാന്‍ ഞായറാഴ്ച സിഎന്‍എന്നിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പരിപാടിയില്‍ ഫെഡറല്‍ നിയമ നിര്‍വ്വഹണ നടപടി ഈ ആഴ്ച ഷിക്കാഗോയില്‍ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ പ്രതിഷേധത്തിനും ജനങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്. ഇതിനകം തന്നെ പലയിടങ്ങളിലും പ്രതിഷേധം അലയടിക്കുന്നുമുണ്ട്.

More Stories from this section

family-dental
witywide