
ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ 2025 ആഗസ്റ്റ് 31 ന് ഞായറാഴ്ച മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ നടക്കുന്ന 11 -ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ ബിജു കെ. സ്റ്റീഫനും പ്രശസ്ത കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയനും മുഖ്യാതിഥികളായി പങ്കെടുക്കും. ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ ഇക്കാര്യം അറിയിച്ചു. ഇവരെ കൂചാകെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സിനിമാ നിർമാതാവ് മാണി സി. കാപ്പൻ എംഎൽഎ എന്നിവരും വടംവലി മഹോത്സവത്തിന് അതിഥികളായെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായി സേവനമനുഷ്ഠിച്ച ബിജു കെ. സ്റ്റീഫൻ, നിലവിൽ കേരള സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസറാണ്. 2012-ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇദ്ദേഹത്തിന് ലഭിച്ചു. വെള്ളൂർ സ്വദേശിയായ ഇദ്ദേഹം കുറ്റാന്വേഷണ മികവിനുള്ള ‘ബാഡ്ജ് ഓഫ് ഓണർ’ രണ്ട് തവണ നേടിയിട്ടുണ്ട്. വടംവലി മത്സരത്തോടനുബന്ധിച്ച് നടക്കുന്ന ഇന്ത്യാ ഫുഡ് ഫെസ്റ്റിവൽ ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത വയലിനിസ്റ്റും പിന്നണി ഗായികയുമായ ലക്ഷ്മി ജയൻ, ഏഷ്യാനെറ്റ്, കൈരളി വി, ഏഷ്യാനെറ്റ് കേബിൾ വിഷൻ തുടങ്ങിയ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. ഡബ്ബിംഗ്, പിന്നണി സംഗീത മേഖലകളിൽ ശ്രദ്ധേയയായ ലക്ഷ്മി, ബിഗ് ബോസ് മലയാളം സീസൺ 3, ഐഡിയ സ്റ്റാർ സിംഗർ എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
വടംവലി മഹോത്സവവും ഇന്ത്യാ ഫുഡ് ഫെസ്റ്റിവലും
ആഗസ്റ്റ് 31 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വടംവലി മഹോത്സവം വൈകിട്ട് 5 മണിക്ക് അവസാനിക്കും. വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയമാണ് ഈ വർഷം വടംവലി മഹോത്സവവും ഇന്ത്യാ ഫുഡ് ഫെസ്റ്റിവലിനുമായി സംഘാടകർ തയ്യാറാക്കിയിട്ടുള്ളത്. കായിക പ്രേമികളെയെല്ലാം ആവേശത്തോടെ സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ വടംവലി മത്സരങ്ങളിൽ പങ്കെടുക്കും. ഇരുപതിൽപ്പരം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വർഷത്തെ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്. വടംവലി പോരിന് ശേഷം വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള ‘ഇന്ത്യാ ഫുഡ് ടേസ്റ്റ്’ നടക്കും. രാത്രി 7 മണി മുതൽ 10 മണി വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യയും ഏവർക്കും ആവേശം പകരും.
പുതിയ വേദി, വിപുലമായ സൗകര്യങ്ങൾ
ഈ വർഷം മത്സരം പുതിയ വേദിയായ മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ (6834 Dempster St, Morton Grove, IL 60053) നടക്കും. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളുള്ള ഈ വേദി ആയിരക്കണക്കിന് കാണികളെ സ്വീകരിക്കാൻ സജ്ജമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
സംഘാടക സമിതി
ചിക്കാഗോ സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവർ ഉൾപ്പെടുന്നു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിൽ വൈസ് ചെയർമാൻ മാനി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം, ഇന്ത്യാ ഫുഡ് ഫെസ്റ്റ് ചെയർമാൻ ജോസ് മണക്കാട്ട് എന്നിവർ പ്രവർത്തിക്കുന്നു.
ഏവർക്കും സ്വാഗതം
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്): (630) 935-9655
സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ): (630) 673-3382