

ഷിക്കാഗോ: ഇനി ശേഷിക്കുന്നത് ആവേശത്തിന്റെ മണിക്കൂറുകള്‍. വടംവലിയെന്ന പോരാട്ട മാമാങ്കത്തിന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഒരുങ്ങിക്കഴിഞ്ഞു. അരങ്ങിലും അണിയറയിലുമായി ഒരുക്കങ്ങളെല്ലാം പൂര്‍ണം. ഇനി ഓഗസ്റ്റ് 31 പിറക്കുകയേ വേണ്ടൂ. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായി ഈ ദിനം അടയാളപ്പെടുത്താന്‍ പോവുകയാണ്. മത്സരം അത് പൊരുതാന്‍ ഉള്ളതാണ്… വിജയം അത് പോരാടുന്നവര്‍ക്കാണ്… എന്ന തിരിച്ചറിവില്‍ മത്സര വീര്യം പകരാന്‍ കാണികളുടെ കയ്യടികളും ആര്‍പ്പുവിളികളും ഒത്തുചേരുമ്പോള്‍ പൊടിപാറും പൂരമാകും ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരം.

വിദേശത്തുനിന്നും വടക്കെ അമേരിക്കയില്‍ നിന്നുമുള്ള 20-ലേറെ ടീമുകളെയും ആയിരക്കണക്കിന് കായികപ്രേമികളെയും സ്വീകരിക്കുവാന്‍ ഷിക്കാഗോ സുസജ്ജമായെന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു.

ഓഗസ്റ്റ് 31ന് രാവിലെ 8.45ന് മുന്‍മന്ത്രി മോന്‍സ് ജോസഫ് എം എല്‍ എ, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ സംയുക്തമായി അന്താരാഷ്ട്ര വടംവലി മത്സരം ഉദ്ഘാടനം ചെയ്യും. ലളിതമായ ഉദ്ഘാടനച്ചടങ്ങില്‍ പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ അധ്യക്ഷത വഹിക്കും. ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ അതിഥികളെ പരിചയപ്പെടുത്തും.

വടംവലി മത്സര ഉത്സവം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി 6834 ഡംസ്റ്റര്‍ മോര്‍ട്ടണ്‍ ഗ്രോവ് പാര്‍ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് ഇത്തവണ പരിപാടികള്‍ നടക്കുന്നത്. വടംവലി ആവേശത്തിന്റെ ഭാഗമാകാന്‍ എത്തുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്ഥലം എന്ന നിലയിലാണ് മോര്‍ട്ടന്‍ ഗ്രോവിലേക്ക് ഇത്തവണ മത്സര വേദി മാറ്റിയതെന്ന് സംഘാടകര്‍ പറഞ്ഞു. സ്റ്റേഡിയത്തില്‍ രാവിലെ കൃത്യം 9 മണിക്കുതന്നെ മത്സരങ്ങള്‍ക്ക് തുടക്കമാകും. വൈകുന്നേരം 5ന് കരുത്തുതെളിയിച്ച വിജയികളെ അറിയാനാകും. അമേരിക്കക്കു പുറത്തുനിന്നുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകള്‍ക്കും പ്രത്യേക മല്‍സരം ഉണ്ടായിരിക്കും. ഇത്തവണ അയ്യായിരത്തിലേറെ പേര്‍ പരിപാടിയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മോര്‍ട്ടന്‍ ഗ്രോവ് മേയര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.


കാത്തിരിക്കുന്നത് വന്‍ സമ്മാനങ്ങള്‍

ഏറ്റവും വലിയ സമ്മാനത്തുകയാണ് ഷിക്കാഗോ വടംവലി മത്സരത്തിന്റെ പ്രത്യേകത. അതിനാല്‍ അത്യാവേശത്തിലാണ് വടംവലി പ്രേമികള്‍.
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോ റിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്‌പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റാണ് സ്‌പോണ്‍സര്‍. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്‌പോണ്‍സര്‍മാര്‍.
വനിതകളുടെ മല്‍സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്‌പോണ്‍സര്‍. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്‌സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്മോന്‍ പുറമടം എന്നിവരടങ്ങുന്ന റഫറി ടീമാണ് ആവേശം ഒട്ടും ചോരാതെ മത്സരങ്ങള്‍ നിയന്ത്രിക്കുക. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവരാണ് ഊര്‍ജ്ജസ്വലമായി കാണികളെ അങ്ങേയറ്റം ആവേശത്തിമിര്‍പ്പിലെത്തിക്കുന്ന കമന്ററി നല്കുക.
എല്ലാം സജ്ജമാക്കാന്‍ കുറ്റമറ്റ പ്രവര്‍ത്തനങ്ങളുമായി ഇവരുണ്ട്

പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ്ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
കാത്തിരിക്കുന്നത് രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഭക്ഷണവൈവിധ്യം

വൈകുന്നേരം 5 മണിക്ക് ഇന്‍ഡ്യാ ഫുഡ്ടേസ്റ്റ് ഫെസ്റ്റിവല്‍ കേരളാ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ ബിജു കെ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിനിമയുടേയും പഴമയുടേയും രുചിക്കൂട്ടുകളാണ് കാത്തിരിക്കുന്നത്. പുതുതലമുറയ്ക്ക് വൈവിധ്യമാര്‍ന്ന കേളര രുചികള്‍ ആസ്വദിക്കാനും ഗൃഹാതുര ഓര്‍മ്മകളിലേക്ക് പഴയ തലമുറയെ വഴിനടത്തുന്നതുമായ രുചികളാണ് ഒരുക്കിയിരിക്കുന്നത്.
കലാശക്കൊട്ടിന് ഊര്‍ജ്ജമായി കലാസന്ധ്യ

സുപ്രസിദ്ധ കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയന്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. 7 മണി മുതല്‍ 10 മണി വരെ അഫ്സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങേറും.