

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചരിത്രത്തിലെ സ്വര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ചരിത്രനിമിഷങ്ങള്‍ ഇതാ പിറന്നു കഴിഞ്ഞു. രാവിലെ 8.45ന് ഷിക്കാഗോ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എയും മാണി സി കാപ്പന്‍ എം.എല്‍.എയും സംയുക്തമായി നിര്‍വ്വഹിച്ചു. ഇരുവരും ചേര്‍ന്ന് പ്രതീകാത്മകമായി വടം വലിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം കൃത്യം 9 മണിക്ക് മത്സര പൂൾ മത്സരങ്ങൾ ആരംഭിച്ചു. ആദ്യ മത്സരത്തില്‍ കെബിസി ബ്ലു കാനഡ വിജയികളായി. പൂള്‍ മത്സരങ്ങള്‍ 12.45ന് അവസാനിക്കും. 1.30 ന് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കും. വൈകിട്ട് ആറു മണിക്കാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഫൈനല്‍ പോരാട്ടം.

അമേരിക്കക്കു പുറമെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ടീമുകളാണ് ഇത്തവണ എത്തിയിരിക്കുന്നത്. വനിതകള്‍ക്കും പ്രത്യേക മല്‍സരം ഉണ്ടായിരിക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്.

ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമടം എന്നിവരടങ്ങുന്ന റഫറി ടീമാണ് ആവേശം ഒട്ടും ചോരാതെ മത്സരങ്ങള്‍ നിയന്ത്രിക്കുക. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവര്‍ കമന്റേറ്റര്‍മാരാണ്.

ഫൈനല്‍ പോരാട്ടത്തിന് ശേഷം 7 മണിക്ക് കലാസന്ധ്യ ആരംഭിക്കും. സന്ധ്യയോടെ അമേരിക്കന്‍-ഇന്ത്യന്‍ രുചിവൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റും തുടങ്ങും.














