
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ ഇടപെട്ടു. ജോലി സമ്മർദ്ദം മൂലമുള്ള ആത്മഹത്യയെന്ന ആരോപണം ശക്തമായതോടെയാണ് കമ്മീഷണർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ജോലി സമ്മർദ്ദത്തെക്കുറിച്ച് കമ്മീഷന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും 31 ദിവസമായി ബിഎൽഒമാർക്ക് മറ്റ് ജോബുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീം വർക്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ജോലികൾ നടക്കുന്നതെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
ജില്ലാ കളക്ടറും സംഭവത്തിൽ പ്രതികരിച്ചു. അനീഷിന് തൊഴിൽ സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നും മികച്ച പ്രവർത്തനമുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും കളക്ടർ പറഞ്ഞു. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വിശദാംശങ്ങൾ പറയാമെന്നും അറിയിച്ചു. കുന്നരു എയുപി സ്കൂളിലെ പ്യൂൺ കൂടിയായ അനീഷിനെ ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കുടുംബം ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് ആരോപിക്കുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും വ്യക്തിപരമായ മറ്റ് കാരണങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി സമ്മർദ്ദമാണോ കാരണമെന്ന് അന്വേഷിക്കുന്നു.












