കേരളത്തിലും ബിഹാർ മാതൃകയിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. രാഷ്ട്രീയ പാർട്ടികളുടെ യോഗം ഈ മാസം 20 ന് ചേരാനിരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. നിലവിലെ വോട്ടർ പട്ടികയിലും 2002ലെ വോട്ടർപട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിക്കും.
സംസ്ഥാന തിരഞ്ഞെടുപ്പ് ഒഫീസർമാർക്ക് ജൂലൈ മുതൽ വോട്ടർ പട്ടിക പരിഷ്‌കരണത്തിനായുള്ള നടപടികൾ ആരംഭിക്കാനായി കത്ത് നൽകിയിരുന്നു. സെപ്റ്റംബർ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ആധാർ കൂടി തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നതിൽ വോട്ടർമാർക്ക് ആശങ്ക വേണ്ട. പാലക്കാടുള്ള 2 ബിഎൽഒമാർ പട്ടികകൾ താരതമ്യം ചെയ്തപ്പോൾ 2002ലെ പട്ടികയിലുള്ള 80 ശതമാനം ആളുകളും 2025 പട്ടികയിലുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നും നേരത്തെ രത്തൻ യു ഖേൽക്കർ പറഞ്ഞിരുന്നു.










