
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുരന്തനിവാരണ ഫണ്ടിനെച്ചൊല്ലി സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ സർക്കാരുകൾ കേരളത്തിന് 1300 കോടി രൂപയോളം ഫണ്ട് അനുവദിച്ചപ്പോൾ, മോദി സർക്കാർ 5000 കോടിയിലേറെ രൂപ അനുവദിച്ചുവെന്ന് ഷാ ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ അവകാശപ്പെട്ടു. കേരളം അനന്തമായ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും ഷാ വിമർശിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അധികാരം പിടിക്കുമെന്നും, എൽഡിഎഫിനെയും യുഡിഎഫിനെയും പുറത്താക്കുമെന്നും ഷാ പ്രഖ്യാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് ബിജെപി നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച പ്രതിപക്ഷത്തിന്‍റെ വാദങ്ങളെ അമിത് ഷാ തള്ളിക്കളഞ്ഞു. ക്രമക്കേട് പരാതികൾ ജില്ലാ കലക്ടർ, റിട്ടേണിംഗ് ഓഫിസർ, സംസ്ഥാന തലങ്ങളിൽ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും കോൺഗ്രസ് അത് ചെയ്തില്ലെന്നും, പകരം തെരുവിൽ പ്രതിഷേധിക്കുകയാണെന്നും ഷാ കുറ്റപ്പെടുത്തി. പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് നിയമപരമായി ഉന്നയിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്‍റെ ഇടപെടൽ മൂലമാണ് പോപ്പുലർ ഫ്രണ്ടിനെ കേരളത്തിൽ നിരോധിക്കാൻ കഴിഞ്ഞതെന്നും, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ബി ജെ പി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരണമെന്നും ഷാ ആവശ്യപ്പെട്ടു.