രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ, ഒരാളെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തിലില്ല. രാഹുൽ ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതും സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഹുൽ മാങ്കൂട്ടത്തലിന് ഒളിവിൽ സംരക്ഷണമൊരുക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളാണ്. കർണാടകയിലെ കോൺഗ്രസ് മാത്രമല്ല സംസ്ഥാനത്തെ കോൺഗ്രസുകാർക്കും പങ്കുണ്ട്. ഇനി മുകളിലെ കോൺഗ്രസിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അറിയണം. പൊലീസിൽ നിന്ന് ഒളിച്ചുനിൽക്കാൻ കോൺഗ്രസ് സംരക്ഷണ വലയം ഒരുക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം, പി.എം ശ്രീ വിഷയം കഴിഞ്ഞതാണ്. മുൻ നിലപാട് എന്താണോ അതേ നിലപാടുമായാണ് സർക്കാർ ഇപ്പോഴും മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസരംഗം തകരില്ല. എന്നാൽ പദ്ധതി നടപ്പായില്ലെങ്കിൽ മറ്റ് ഫണ്ടുകൾ കിട്ടാതെ വരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും കൊല്ലത്തെ ദേശീയപാത അപകടം സർക്കാരിന്റെ തലയിൽ വെക്കാൻ നോക്കണ്ടെന്നും ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് (NHAI) ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Chief Minister justifies not arresting Rahul Mangkootathal; Congress leaders are providing cover for Rahul in hiding













