കശ്മീരിലെ തീവ്രവാദ ആക്രമണത്തിൽ വേദന പങ്കുവെച്ച് മുഖ്യമന്ത്രി, മലയാളി കൊല്ലപ്പെട്ടത് അതീവ വേദനാജനകമെന്ന് പിണറായി; നോര്‍ക്ക റൂട്‌സ് ഹെൽപ് ലൈൻ തുറന്നു

പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക റൂട്‌സിന് നിര്‍ദേശം നല്‍കി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നേതൃത്വത്തില്‍ നിര്‍വഹിക്കും.

ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍, ജസ്റ്റിസ് ഗിരീഷ് എന്നിവര്‍ ജമ്മു കാശ്മീരില്‍ യാത്രക്കായി പോയിട്ടുണ്ട്. നിലവില്‍ ജസ്റ്റിസുമാര്‍ ശ്രീനഗറിലുള്ള ഹോട്ടലില്‍ സുരക്ഷിതരാണെന്ന് അറിയുന്നു. ഇന്ന് നാട്ടിലേക്കു തിരിക്കും എന്നാണറിഞ്ഞതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

എംഎല്‍എമാരായ എം. മുകേഷ്, കെ.പി.എ മജീദ്, ടി. സിദ്ദീഖ്, കെ. ആന്‍സലന്‍ എന്നിവര്‍ ശ്രീനഗറില്‍ ഉണ്ട്. ഇവരും സുരക്ഷിതരാണ്. ജമ്മു കാശ്മീരില്‍ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികള്‍ക്കും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നോര്‍ക്ക റൂട്‌സിന് നിര്‍ദ്ദേശം നല്‍കി.

നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കശ്മീരില്‍ കുടുങ്ങി പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം. ഡല്‍ഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേരള ഹൗസിന് നിര്‍ദ്ദേശം നല്‍കി.

Also Read

More Stories from this section

family-dental
witywide