
ചെന്നൈ: ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് എതിരെ സംയുക്ത കര്‍മ സമിതി (ജെഎസി) രൂപീകരിക്കാന്‍ നടത്തുന്ന യോഗത്തില്‍ പങ്കെടുത്ത് കേന്ദ്രത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
വടക്കേ ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയവുമായി മുന്നോട്ടുപോകുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു.
ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യയുടെ നാനാത്വം രാജ്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക ഭൂപ്രകൃതിയെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കേരളത്തിലെ കുടുംബശ്രീയും തമിഴ്‌നാടിന്റെ സ്‌കൂളുകളിലെ ഉച്ചയൂണ് സംവിധാനവും പിന്നീട് മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കി.
”1976ലെ ജനസംഖ്യാ നിയന്ത്രണ നയം രാജ്യത്തു മുഴുവന്‍ നടപ്പാക്കാന്‍ വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ മാത്രമാണ് അതു ഫലപ്രദമായി നടപ്പാക്കിയത്. ഇടുങ്ങിയ രാഷ്ട്രീയ മനസ്സുമായാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ മുന്നോട്ടുപോകുന്നത്. നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളാണ് ഈ മണ്ഡല പുനര്‍നിര്‍ണയം.” പിണറായി വിജയന്‍ പറഞ്ഞു.
മാത്രമല്ല, സെന്‍സസ് നടപ്പാക്കാത്തതിനാല്‍ എന്തിനാണ് ഇത്രയും ധൃതിപിടിച്ച് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫെഡറലിസം കേന്ദ്രത്തിന്റെ സമ്മാനമല്ല. അതു സംസ്ഥാനങ്ങളുടെ അവകാശമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.