അടിയന്തരാവസ്ഥ കാലത്തെന്നല്ല, ആർഎസ്എസുമായി ഒരിക്കലും സിപിഎം സഹകരിച്ചിട്ടില്ല; സംസ്ഥാന സെക്രട്ടറിയെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആർ എസ് എസ് സഹകരണവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തിരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരാവസ്ഥക്കാലത്തെന്നല്ല ഒരുഘട്ടത്തിലും സി പി എം ആർ എസ് എസിനൊപ്പം സഹകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയത്. ആർഎസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി പി എം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നപ്പോൾ എംവി ഗോവിന്ദൻ തന്നെ വിശദീകരിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആർഎസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി. ആർഎസ്എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയം മറച്ചു വെക്കാറില്ല. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയർത്തി നിലപാട് പറയും.

ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഎം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണെന്ന് പറഞ്ഞ് കെ സുധാകരനെയും പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രി പരോക്ഷമായി കുറ്റപ്പെടുത്തി. വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോൺഗ്രസ് സമീപനം എടുത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതെങ്കിലും വിവാദമുണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാൽ അത് അത്ര പെട്ടെന്ന് വേവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസുമായി സിപിഎമ്മിന് ഒരു തരത്തിലും ബന്ധമില്ല. ആർഎസ്എസ് ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് സിപിഎമ്മുകാർ. ആഭ്യന്തര ശത്രുക്കളായി ആർഎസ്എസ് കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. സിപിഎം രൂപീകൃതമായ അന്ന് മുതൽ ഇന്നോളം ആർഎസ്എസുമായി ഐക്യപ്പെട്ടിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല. സ്വന്തം നിലക്കാണ് അടിയന്തരാവസ്ഥ കാലത്ത് സിപിഎം പോരാടിയത്. അന്ന് ആർഎസ്എസിന് ഇന്ദിരാഗാന്ധിയുമായും കോൺഗ്രസുമായും ഏത് തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് നീരജാ ചൗധരി എഴുതിയിട്ടുണ്ട്. ഇത് തീർച്ചയായും പ്രതിപക്ഷ നേതാവ് വായിച്ചിരിക്കും.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണ് അടിയന്തിരാവസ്ഥ കാലത്ത് സിപിഎം പോരാടിയത്. തിരഞ്ഞെടുപ്പിൽ അതിൻ്റെ ഭാഗമായി ജനതാ പാർട്ടിയുമായി സി പി എം സഹകരിച്ചു. മറുവശത്ത് യു ഡി എഫാണ് ജനസംഘവും ജനതാ പാർട്ടിയുമായി കേരളത്തിൽ സഖ്യം ഉണ്ടാക്കി. ഒ രാജഗോപാൽ കെ ജി മാരാർ എന്നിവരുമായി കോൺഗ്രസ് സഹകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide