
ഡൽഹി: കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മലബാറിന്റെ സാംസ്കാരിക പൈതൃകമായ ഭൈരവൻ തെയ്യത്തിന്റെ ശില്പം ഉപഹാരമായി നൽകി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, ഭൈരവൻ തെയ്യത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം മുഖ്യമന്ത്രി മോദിയോട് വിശദീകരിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ആചരിക്കപ്പെടുന്ന ഈ അനുഷ്ഠാന കല, മലബാറിലെ 400-ലധികം തെയ്യങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ശില്പം രൂപകല്പന ചെയ്തത് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ കലാകാരൻ സുന്ദരേശൻ പയ്യന്നൂരാണ്. കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വച്ച് രണ്ട് മാസത്തെ പ്രയത്നത്തിലാണ് ഈ ശില്പം പൂർത്തിയാക്കിയത്. ഭൈരവൻ തെയ്യത്തിന്റെ ശില്പം കേരളത്തിന്റെ പാരമ്പര്യ കലയുടെ മികവിനെ പ്രതിനിധീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
വടക്കൻ മലബാറിലെ തെയ്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഭൈരവൻ തെയ്യം, ശിവന്റെ ഉഗ്രരൂപമായ കാലഭൈരവനെ പ്രതിനിധീകരിക്കുന്നു. ബ്രഹ്മാവിന്റെ ശിരസ്സ് ഛേദിച്ച പാപം തീർക്കാൻ കപാലവുമായി ഭൂമിയിൽ ഭിക്ഷ യാചിച്ച ശിവന്റെ സങ്കല്പമാണ് ഈ തെയ്യം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിൽ മോദിക്ക് വേണ്ടി നടത്തിയ പൂജയുമായി ഈ സമ്മാനം സാംസ്കാരികമായി ബന്ധപ്പെട്ടിരിക്കുന്നു.