
പത്തനംതിട്ട : പ്രതിപക്ഷത്തിൻറെയുൾപ്പെടെ ശക്തമായ എതിർപ്പിനും രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയിൽ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു. ദേവസ്വംമന്ത്രി വി എൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ കാറിലാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമ വേദിയിലേക്കെത്തിയത്.
രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. നിരവധി പേർ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടർന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാർ ഐ എ എസിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.















