
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും വ്യവസായി ബോബി ചെമ്മണ്ണൂര്‍ നേരിട്ടും നടിക്കെതിരെ നടത്തിയ അശ്ലീല ചുവയുള്ള പരാമര്‍ശങ്ങള്‍ചൂണ്ടിക്കാട്ടി പരാതി നല്‍കിയ നടി ഹണി റോസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ നിയമപടികള്‍ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്നും താര സംഘടന അമ്മയില്‍ നിന്നും അടക്കം താരത്തിന് നേരത്തെതന്നെ പിന്തുണ എത്തിയിരുന്നു.
അതേസമയം, നടിയുടെ പരാതിയില്‍ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം.
ഹണി റോസ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 20 യുട്യൂബര്‍മാര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ ചിത്രം മോശമായ രീതിയില്‍ തംബ്‌നെയില്‍ ആയി ഉപയോഗിച്ചതിനാണ് പരാതി.