
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി കേന്ദ്ര സർക്കാർ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയിലെ സ്വർഗമെന്ന് വിശേഷണമുള്ള കശ്‌മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകി ഭീകരപ്രവർത്തനം ഉന്മൂലനം ചെയ്യാൻ രാജ്യത്തിന് സാധിക്കണം. പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
എല്ലാത്തരം ഭീകരവാദപ്രവർത്തനത്തിന് എതിരെയും ശക്തമായ പ്രതിരോധം ഉയര്‍ത്താനും സാഹോദര്യത്തിനും മാനവികതയ്ക്കുമായി നിലകൊളളാനും നമുക്കു സാധിക്കണമെന്നും തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.