
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
ഈ മാസം 16ന് ബഹ്‌റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു നീക്കം. അന്നേദിവസം രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നു. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനും 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും. 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇതെല്ലാം തടയുന്ന നീക്കമാണ് കേന്ദ്രത്തിൽ നിന്നുണ്ടായിരിക്കുന്നത്.