പെന്‍സില്‍വേനിയ കാറപകടത്തില്‍ മരിച്ച മലയാളിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാളി സമൂഹം, ഭാര്യ അപകടനില തരണം ചെയ്തു

ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ കാറപകടത്തില്‍ മരിച്ച മലയാളി ചിക്കു എം. രഞ്ജിത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാളി സമൂഹം. ഗുരുതരമായ പരുക്കേറ്റ ചിക്കുവിന്റെ ഭാര്യ രമ്യ ഇന്ദുചൂഡന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. രമ്യ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയാണ്. ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് രമ്യ ചികിത്സതേടിയത്.

അപകടത്തെത്തുടര്‍ന്ന് രഞ്ജിത്തിനെ ജെഫേഴ്സണ്‍ ഐന്‍സ്റ്റീന്‍ മോണ്ട്‌ഗോമറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇവരുടെ രണ്ട് കുട്ടികളേയും ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാക്കി. അപകടസമയത്ത് കുട്ടികളും ഇവരൊടൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. രഞ്ജിത്തിന്റെ മൃതദേഹം ചങ്ങനാശ്ശേരിയിലേക്ക് കൊണ്ടുപോകും.

സഹായവുമായി ഇന്‍ഫോസിസും ഫൊക്കാനയും ഫോമായും അടക്കമുള്ള സംഘടനകളും സജീവമായി രംഗത്തുണ്ട്.

ജൂണ്‍ 1 ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നോറിസ്ടൗണില്‍ അപകടമുണ്ടായത്. രഞ്ജിത്തും കുടുംബവും കയറിയ കാര്‍ ഒരു ജംക്ഷന്‍ കടക്കുമ്പോള്‍ അമിതവേഗതയില്‍ എത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. 25 മൈല്‍ വേഗത മാത്രമുള്ള സ്ട്രീറ്റില്‍ അപകടമുണ്ടാക്കിയ കാര്‍ എത്തിയത് 95 മൈല്‍ വേഗത്തിലാണ്. അപകടമുണ്ടാക്കിയ ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയിലാക്കി. ആലന്‍ താരിഖ് കോള്‍ എന്ന 22 കാരനായിരുന്നു ഡ്രൈവര്‍. ഇയാള്‍ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും, മയക്കുമരുന്നിന്റെ സ്വാധീനത്തിലുള്ള കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്.