
സാന്‍റിയാഗോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. തീരദേശത്ത് മുന്നറിയിപ്പ് നൽകാനും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു. റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ ചിലി തീരത്ത് ശക്തമായ സുനാമി തിരകൾക്ക് സാധ്യതയുണ്ടെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2025 ജൂലൈ 30-ന് റഷ്യയിലെ കാംചത്ക ഉപദ്വീപിൽ രേഖപ്പെടുത്തിയ 8.8 തീവ്രതയുള്ള ഭൂകമ്പം പസഫിക് മേഖലയെയാകെ പ്രകമ്പനംകൊള്ളിച്ചിരുന്നു. റഷ്യ, ജപ്പാൻ, ഹവായ് ദ്വീപ് തീരങ്ങളിലും അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും ശക്തമായ സുനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. റഷ്യ മുതൽ ജപ്പാൻ വരെ ഭൂകമ്പത്തിന്‍റെ ആഘാതമുണ്ടായിരുന്നു. റഷ്യയിലെ കുറിൽ ദ്വീപുകളിലും ജപ്പാന്റെ തീരങ്ങളിലും സുനാമി തിരമാലകളായി ആഞ്ഞടിച്ചു. അലാസ്ക, ഹവായ്, കാലിഫോർണിയ, ന്യൂസിലാൻഡ് തുടങ്ങിയ വിദൂര തീരങ്ങളിലേക്കും സുനാമി മുന്നറിയിപ്പുകൾ നൽകിയിരുന്നു.