
വാഷിംഗ്ടണ്‍ : ചൈനയില്‍ ആയോധന കലകള്‍ പരിശീലിപ്പിച്ച അമേരിക്കന്‍ വ്യക്തിക്ക് സ്ഥിര താമസം അനുവദിച്ച് ചൈന. ചൈനയിലെ പവിത്രമായ വുഡാങ് പര്‍വതത്തില്‍ ആയോധനകലയായ കുങ്ഫു പരിശീലിപ്പിക്കുന്നതിനായി തന്റെ ജീവിതത്തിന്റെ 15 വര്‍ഷം നീക്കിവച്ച ഒരു അമേരിക്കക്കാരന്‍ ജെയ്ക്ക് പിന്നിക്കാണ് ചൈനയിലെ വിദേശികള്‍ക്കുള്ള ഒരു നാഴികക്കല്ലായ അംഗീകാരം ലഭിച്ചത്.
ഇല്ലിനോയിസിലെ കെവാനിയില്‍ നിന്നുള്ള 34 കാരനായ ജെയ്ക്ക് പിന്നിക്ക്, തന്റെ കുങ്ഫു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 2010 ല്‍ 20 വയസ്സുള്ളപ്പോഴാണ് ചൈനയിലെത്തിയത്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് പ്രതിഫലമായി ഇപ്പോള്‍ പലരും ആഗ്രഹിക്കുന്ന വിദേശ സ്ഥിര താമസ ഐഡി കാര്‍ഡ് ലഭിച്ചു. സാധാരണയായി ‘ഫൈവ്-സ്റ്റാര്‍ കാര്‍ഡ്’ എന്നറിയപ്പെടുന്ന കാര്‍ഡാണിത്.
പിന്നിക്കിന്റെ നേട്ടത്തിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. അമേരിക്കയിലെ ചൈനീസ് അംബാസഡര്‍ സീ ഫെങ്ങും പിന്നിക്കിന് ഹൃദയംഗമമായ അനുമോനങ്ങള്‍ അറിയിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
”അഭിനന്ദനങ്ങള്‍! വുഡാങ് സാന്‍ഫെങ് ആയോധനകലകളുടെ 16-ാം തലമുറ ശിഷ്യനായ ഇല്ലിനോയിസിലെ കെവാനിയില്‍ നിന്നുള്ള ജെയ്ക്ക് പിന്നിക്ക് ചൈനയില്‍ വിദേശ സ്ഥിര താമസ ഐഡി കാര്‍ഡ് ലഭിച്ചു! 20 വയസ്സില്‍ തന്റെ കുങ്ഫു സ്വപ്നം പിന്തുടരാന്‍ ചൈനയിലെത്തിയ യുവാവ് ഇപ്പോള്‍ ഒരു യഥാര്‍ത്ഥ മാസ്റ്ററാണ്!” – അദ്ദേഹം എക്സില്‍ എഴുതി.
കനത്ത തീരുവ പ്രഹരത്തില്‍ ചൈനയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ വ്യാപാര യുദ്ധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ചൈനയില്‍ ഒരു യുഎസ് പൗരന് പ്രത്യേക അംഗീകാരം ലഭിക്കുന്നത്.